ff

അബുദാബി : ജോലി നഷ്ടമായാലും മൂന്ന് മാസം വരെ ശമ്പളം ഉറപ്പുവരുത്തുന്ന് അൺ എംപ്ലോയ്‌മെന്റ് ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ച് യു.എ.ഇ. 2023 ജനുവരി മൂന്നുമുതൽ പദ്ധതിക്ക് തുടക്കമാകുമെന്ന് അധികൃതർ അറിയിച്ചു. ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും സ്വകാര്യ മേഖലയിലുള്ളവ‌ർക്കും പദ്ധതിയിൽ അംഗമാകാം.

രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന ശമ്പളം 16000 ദിർഹമോ അകിൽ കുറവോ ഉള്ളവർ ആദ്യവിഭാഗത്തിലും 16000 ദിർഹത്തിൽ മുകളിൽ ഉള്ളവർ രണ്ടാമത്തെ വിഭാഗത്തിലും ആണ് ഉൾപ്പെടുന്നത്. ആദ്യ വിഭാഗത്തിലുള്ളവർ ഒരു മാസം അഞ്ച് ദിർഹം വീതം പ്രതിവർഷം 60 ദിർഹം ഇൻഷ്വറൻസ് പ്രീമിയമായി അടയ്ക്കണം. രണ്ടാമത്തെ വിഭാഗത്തിലുള്ളവർ മാസം 10 ദിർഹം വച്ച് വർഷത്തിൽ 120 ദിർഹം പ്രീമിയമായി അടയ്ക്കണം. വാർഷിക അടിസ്ഥാനത്തിലോ,​ ആറുമാസത്തിലൊരിക്കലോ,​ മൂന്നുമാസത്തിലൊരിക്കലോ പ്രീമിയം അടയ്ക്കാം. ജീവനക്കാർ സ്വന്തം നിലയ്ക്കാണ് പ്രീമിയം അടയ്ക്കേണ്ടത്. അതിനാൽ സ്ഥാപനങ്ങൾക്ക് അധിക ബാദ്ധ്യത ഉണ്ടാകില്ല.

തൊഴിലാളികൾക്ക് അവരുടേതല്ലാത്ത കാരണത്തൽ ജോലി നഷ്ടമായാൽ ശമ്പളത്തിന്റെ 60 ശതമാനം വരെ ലഭിക്കും. ആദ്യവിഭാഗത്തിലുള്ളവ‌ർക്ക് പരമാവധി 10000 ദിർഹം വരെയും രണ്ടാമത്തെ വിഭാഗക്കാർക്ക് 20000 ദിർഹം വരെയും ജോലി നഷ്ടമായാൽ ലഭിക്കും. ജോലി നഷ്ടമായ ദിവസം മുതൽ 30 ദിവസത്തിനകം അപേക്ഷ നൽകണം. അപേക്ഷ ലഭിച്ച് രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും. മൂന്നുമാസം വരെ ഇങ്ങനെ പണം ലഭിക്കും.