
തിരുവനന്തപുരം: മ്യൂസിയത്തിൽ വനിതാ ഡോക്‌ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച സന്തോഷ് മുൻപും ഇത്തരത്തിൽ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ്. വീട്ടിൽ അതിക്രമിച്ച് കയറി ഒരു പെൺകുട്ടിയെ കടന്നുപിടിച്ച സംഭവത്തിൽ സന്തോഷ് പ്രതിയാണ്. ഈ പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ഡിസംബറിൽ നടന്ന സംഭവത്തിൽ പങ്കുളള ഇയാളെ മ്യൂസിയത്തിലെ കേസിന് പിന്നാലെ പെൺകുട്ടി തിരിച്ചറിഞ്ഞു. ഇതിനുപുറമേ കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറിയത് ഇയാളാണെന്ന് ഇവിടുത്തെ വീട്ടമ്മയും തിരിച്ചറിഞ്ഞിരുന്നു.
അതേസമയം അന്വേഷണത്തിൽ വീഴ്‌ച പറ്റിയിട്ടില്ലെന്ന് ഡിസിപി അജിത് കുമാർ അറിയിച്ചു. കേസന്വേഷണത്തിൽ പരാതിക്കാരിയുടെ സഹായവും ശക്തമായ നിലപാടും പ്രതിയെ കണ്ടെത്താൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. പ്രതിയെ പിടികൂടാനായതിലും നീതി കിട്ടിയതിലും സന്തോഷമുണ്ടെന്നാണ് പരാതിക്കാരി പ്രതികരിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രതികരണത്തിൽ പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ഞെട്ടിച്ചതായും പരാതിക്കാരി പറഞ്ഞു.
കേസിൽ പരാതി നൽകിയിട്ടും ആദ്യ ഘട്ടത്തിൽ മ്യൂസിയം പൊലീസിന്റെ അന്വേഷണത്തിൽ വലിയ വീഴ്‌ചയുണ്ടായി എന്ന് ആരോപണമുണ്ടായി. ദിവസങ്ങളോളം പ്രതിയെക്കുറിച്ച് സൂചനയൊന്നും ലഭിച്ചില്ല. പിന്നീട് കുറവൻകോണത്തെ വീട്ടിലും ഇയാളെത്തി എന്നതോടെ അന്വേഷണം ഊർജിതമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്റെ പി.എസിന്റെ ഡ്രൈവറായ പ്രതി സന്തോഷിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മ്യൂസിയത്തും കുറവൻകോണത്തും ഇയാൾ സർക്കാർ വാഹനത്തിലെത്തിയാണ് അതിക്രമം കാട്ടിയത്.