
ചെന്നൈ : ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലൊന്നും പിണറായി വിജയന് മുന്നിൽ വിലപ്പോവില്ലെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. ധനമന്ത്രിയിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് പറയുന്ന ഗവർണർ രാജി വയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണറുടെ വിശ്വാസത്തെക്കാൾ മുഖ്യമന്ത്രിയുടെ വിശ്വാസമല്ലേ ആവശ്യമെന്നും ചിദംബരം ചോദിച്ചു.
ഗവർണർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം
.ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ പറഞ്ഞു. പൊലീസിന് നിർദേശം നൽകാൻ മന്ത്രിസഭയും തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമുണ്ട്. ഇതൊക്കെ താനാണ് ചെയ്യേണ്ടതെന്ന് ആരെങ്കിലും കരുതിയാൽ അത് മനസിലിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാൻസലർക്ക് യൂണിവേഴ്‌സിറ്റി നിയമത്തിന്റേത് അല്ലാതെ ഭരണഘടനയുടെ സവിശേഷ പരിരക്ഷയില്ല. വിസിക്കെതിരെ യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ. ഗവർണർ മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ജുഡീഷ്യറിയ്ക്കും മേലെയാണെന്ന് ഭാവിക്കുന്നു. ലജിസ്ലേറ്ററുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണിത്. തന്നിലാണ് നാട്ടിലെ സർവാധികാരവും കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നു. അധികാരം തന്നിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കരുതുന്നതുകൊണ്ടാണ് തന്റെ പ്രീതി പിൻവലിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്. അതൊക്കെ തീരുമാനിക്കാൻ ഒരു മന്ത്രിസഭയും നിയമസഭയുമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി