
ന്യൂഡൽഹി: സിആർപിഎഫിന്റെ ചരിത്രത്തിൽ ആദ്യമായി ഐജി സ്ഥാനത്തേക്ക് രണ്ട് വനിതകളെ നിയമിച്ചു. ആലപ്പുഴ സ്വദേശിയായ ആനി എബ്രഹാം, സീമ ധുണ്ഡിയ എന്നിവർക്കാണ് ഐജി സ്ഥാനം ലഭിച്ചത്. 1986ൽ വനിതാ ഓഫീസർമാരെ സിആർപിഎഫിലേക്ക് ചേർത്തുതുടങ്ങിയ ശേഷം ഇതാദ്യമായാണ് രണ്ട് വനിതാ ഓഫീസർമാർക്ക് ഒരുമിച്ച് ഉന്നത പദവി ലഭിക്കുന്നത്. 1987 ബാച്ചിൽ സേനയിലംഗമായ ഉദ്യോഗസ്ഥരാണ് ആനി എബ്രഹാമും സീമ ധുണ്ഡിയയും.
സിആർപിഎഫിന്റെ ബീഹാർ സെക്‌ടറിനെ ഇനി സീമയാകും നയിക്കുക. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ ചുമതലയാകും ആനി എബ്രഹാമിന്. ലൈബീരിയയിലെ യുഎൻ മിഷനിലും കാശ്‌മീരിലെ ഓപ്പറേഷൻസ് സെക്‌ടർ ഡിഐജിയായും അടക്കം നിരവധി ഉന്നതസ്ഥാനം വഹിച്ചയാളാണ് ആനി എബ്രഹാം. രാഷ്‌ട്രപതിയുടെ മെഡലും നേടിയിട്ടുണ്ട്.