gg

പല്ലികളെയും പാറ്റകളെയും കൊണ്ടുള്ള ശല്യം എല്ലാ വീടുകളിലും പതിവ് പ്രശ്നമാണ്. പല്ലികളെ അകറ്റാൻ സഹായിക്കുന്ന മരുന്നുകൾ കടകളിൽ വാങ്ങാൻ കിട്ടും. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ദോഷകരമായിതീരും. എന്നാൽ വീട്ടിലുള്ള നാം നിത്യേന ഉപയോഗിക്കുന്ന വസ്തുക്കൾ കൊണ്ട് നമ്മുടെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധം പല്ലി ശല്യം അകറ്റാൻ കഴിയും.

ഉപയോഗത്തിന് ശേഷം നാം ഉപേക്ഷിക്കുന്ന ഒന്നാണ് മുട്ടത്തോട്. ചിലപ്പോഴൊക്കെ ചെടികൾക്ക് വളമായി ഉപയോഗിക്കുമെങ്കിലും പല്ലികളെ അകറ്റാനും ഇതുപകരിക്കും. മുട്ടയുടെ മണം പല്ലികൾക്ക് അസഹനീയമാണ്. മുട്ട ഉപയോഗിച്ച ശേഷം തോട് തുടച്ചെടുത്ത ശേഷം പല്ലികൾ സ്ഥിരമായി കാണുന്ന വാതിലുകൾ,​ ജനാലകൾ എന്നിവയ്ക്ക് സമീപം വയ്ക്കുക. പല്ലികളെ ഒറു പരിധി വരെ ഇപ്രകാരം അകറ്റാൻ കഴിയും. പിറ്റേന്ന് തന്നെ മുട്ടത്തോടുകൾ അവിടെ നിന്ന് എടുത്തുമാറ്റാനും പ്രത്യേകം ശ്രദ്ധിക്കണം.

വെളുത്തുള്ളി,​ സവാള എന്നിവയുടെ മണം പല്ലികൾക്ക് സഹിക്കാനാവില്ല. മുറിയുടെ മൂലകളിലും ജനാലകളിലും വെളുത്തുള്ളി അല്ലികളും മുറിച്ച സവാളയും വയ്ക്കുന്നത് പല്ലികളെ അകറ്റും. വെളുത്തുള്ളിയുടെയോ സവാളയുടെയോ നീര് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്താലും ഫലം ലഭിക്കും. മുളക്,​ കുരുമുളക് എന്നിവയുടെ ഗന്ധവും പല്ലികൾക്ക് അസഹനീയമാണ്. കുരുമുളക് പൊടിയോ ചുവന്ന മുളക് പൊടിയോ വെള്ളത്തിൽ കലർത്തി പല്ലികൾ കാണപ്പെടുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യാം. മുഴക് പൊടിക്ക് പകരം ഉണക്കമുളകും ഉപയോഗിക്കാം.

പല്ലികളുടെ ദേഹത്ത് തണുത്ത വെള്ളം ഒഴിച്ചും അവയെ അകറ്റാം. ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച വെള്ളം പല്ലികളുടെ ദേഹത്ത് തളിച്ചാൽ പല്ലികൾക്ക് അല്പസമയത്തേക്ക് ചലിക്കാൻ കഴിയാതാകും,​ ഈ അവസ്ഥയിൽ അവയെ എടുത്ത് പുറത്തുകളയാനാവും. തണുപ്പ് ഇഷ്ടമില്ലാത്ത പല്ലികൾ പൊതുവെ ചൂടുള്ള സാഹചര്യങ്ങളിലാൻ് കാണപ്പെടപന്നത്. മുറികളിൽ എയർ കണ്ടിഷണർ ഉണ്ടെങ്കിൽ താപനില 22 ഡിഗ്രി സെൽഷ്യസിൽ താഴെയാക്കിയിടുന്നതും പല്ലികളെ അകറ്റി നിറുത്തും.