
പാലക്കാട്: കുളിക്കാനിറങ്ങിയ യുവാവിനെ പുഴയിൽ കാണാതായി. രക്ഷാപ്രവർത്തനത്തിനെത്തിയ മുങ്ങൽ വിദഗ്ദ്ധൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഭാരതപ്പുഴയിൽ ഇന്ന് വൈകിട്ടോടെ രണ്ട് ദുരന്തങ്ങളും ഉണ്ടായത്.
പുഴയിൽ കുളിക്കാനിറങ്ങിയ ചെറുതുരുത്തി സ്വദേശി ഫൈസലിനെ നീന്തലിനിടെ പുഴയിൽ മുങ്ങി കാണാതായി. രക്ഷിക്കാനെത്തിയ മുങ്ങൽ വിദഗ്ദ്ധൻ ഷൊർണൂർ നമ്പൻതൊടി രാമകൃഷ്‌ണൻ(62) പത്ത് മിനിട്ടോളം തിരച്ചിൽ നടത്തി. തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ ഇദ്ദേഹം കരയിലേക്ക് കയറി. ഉടൻ ചെറുതുരുത്തിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രദേശത്ത് വെളളത്തിൽ കാണാതാകുന്നവരെ കണ്ടെത്താൻ പൊലീസിനടക്കം സഹായമായിരുന്നയാളാണ് രാമകൃഷ്‌ണൻ. മുൻ നഗരസഭാ കൗൺസിലറായ ഇദ്ദേഹം കുട്ടികൾക്ക് നീന്തൽ പരിശീലനവും നടത്തിയിരുന്നു. വിജയലക്ഷ്‌മിയാണ് രാമകൃഷ്‌ണന്റെ ഭാര്യ. മക്കൾ സഞ്ജയ്,സനുജ. കാണാതായ ഫൈസലിനെ ഇന്ന് കണ്ടെത്താനായില്ല. വ്യാഴാഴ്‌ചയും തിരച്ചിൽ തുടരും.