rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാദ്ധ്യത. തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോടുകൂടിയ മഴയായിരിക്കും ലഭിക്കുക. ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. തമിഴ്നാട് തീരത്തുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാവും. അടുത്ത ദിവസങ്ങളിലും സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും.

കോഴിക്കോട് ഉൾപ്പടെയുള്ള പല ജില്ലകളിലും ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട്ടെ മലയോര മേഖലകളിലാണ് ഇന്നലെ കനത്ത മഴ ലഭിച്ചത്. ഇടിമിന്നലിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.

അതേസമയം, തമിഴ്നാട്ടിൽ രണ്ട് ദിവസമായി തു‌ടരുന്ന ശക്തമായ മഴയ്ക്ക് അല്പം ശമനം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോഴും മഴമുന്നറിയിപ്പുണ്ട്. ഏഴ് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്നും അവധി നൽകിയിട്ടുണ്ട്. ചെന്നൈ നഗരത്തിന് ചുറ്റുമുള്ള നിരവധി പ്രദേശങ്ങളിൽ നിന്ന് വെള്ളം പൂർണമായും ഇറങ്ങിയിട്ടില്ല. വെള്ളം പമ്പുചെയ്ത് നീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ രണ്ടുപേർ മരിച്ചതായാണ് റിപ്പോർട്ട്. ഒരാൾ വൈദ്യുതാഘാതമേറ്റും ഒരു സ്ത്രീ മതിലിടിഞ്ഞുവീണുമാണ് മരിച്ചത്.

മഴക്കെടുതി സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഉന്നത ഉദ്യോഗസ്ഥരുടെ വെർച്വൽ മീറ്റിംഗ് നടത്തി. രക്ഷാപ്രർത്തനങ്ങൾ തുടരാൻ കർശന നിർദ്ദേശം നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ 15 സംഘങ്ങളെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.