
തിരുവനന്തപുരം: സ്റ്റേറ്റ് കാറിലെത്തി കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയത്ത് പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടർക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിലെ പ്രതി മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭവിലാസം വീട്ടിൽ സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറവൻകോണം കേസിൽ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്ത ഇയാളെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയശേഷമാകും മ്യൂസിയം പൊലീസ് അറസ്റ്റുചെയ്യുക. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കും.വനിതാ ഡോക്ടർ പ്രതിയെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. പ്രതിയെ ഇന്നലെ കുറവൻകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 10 വർഷമായി സെക്രട്ടേറിയറ്റിൽ വാഹനങ്ങൾ കരാർ നൽകുന്ന ഏജൻസിയുടെ ഡ്രൈവറാണ്. ഒരു വർഷം മുമ്പാണ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരുടെ ഡ്രൈവറായി സന്തോഷ് എത്തിയത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുണ്ട്.
കഴിഞ്ഞ 26ന് പുലർച്ചെയായിരുന്നു സംഭവം. കവടിയാർ ഭാഗത്ത് ഗവ. ഒഫ് കേരള എന്ന ബോർഡ് വച്ച കാർ പാർക്ക് ചെയ്തശേഷമാണ് കുറവൻകോണത്തെത്തി വീട്ടിൽ മോഷണശ്രമം നടത്തിയത്. ശേഷം 4.45ന് മ്യൂസിയം പരിസരത്തെത്തി വനിതാ ഡോക്ടർക്കുനേരെ അതിക്രമം കാട്ടുകയായിരുന്നു.
പ്രതിയെക്കുറിച്ച് വനിതാ ഡോക്ടർ സൂചന നൽകിയിട്ടും മ്യൂസിയം പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിൽ വിമർശനം ഉയർന്നിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാറിൽ രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ ഇയാൾ അതിനിടെ തല മൊട്ടയടിച്ചിരുന്നു.
ഇയാൾ മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പേരൂർക്കട സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബറിൽ ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതും ഇയാളാണെന്ന് സംശയമുണ്ട്. കേസ് തന്റെ തലയിൽ കെട്ടിവച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും തെളിവെടുപ്പിനിടെ പ്രതി മാദ്ധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സ്റ്റേറ്റ് കാർ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്.