gujarat-

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുന്ന വാർത്താസമ്മേളനത്തിലാവും പ്രഖ്യാപനം ഉണ്ടാവുക. നേരത്തേ ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനൊപ്പം ഗുജറാത്തിലെ തീയതികളും പ്രഖ്യാപിക്കും എന്നുകരുതിയെങ്കിലും അത് ഉണ്ടായില്ല. 2023 ഫെബ്രുവരി 18നാണ് ഗുജറാത്ത് സർക്കാരിന്റെ കാലാവധി കഴിയുക. 182 അംഗ നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരും കോൺഗ്രസിന് 62 എംഎൽഎമാരുമുണ്ട്.

നിലവിൽ ബി ജെ പിക്ക് ഭരണത്തുടർച്ച കിട്ടുമെന്നാണ് കരുതുന്നതെങ്കിലും ആം ആദ്‌മി പാർട്ടി ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ കാലുറപ്പിക്കാനുള്ള മുന്നൊരുക്കമാണ് പാർട്ടി നടത്തുന്നത്. കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ വേണമെന്നതുൾപ്പടെയുള്ള പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ പ്രസ്താവനങ്ങൾ ഇത് ലക്ഷ്യം വച്ചുള്ളതാണെന്ന് വ്യക്തം. നേരത്തേ ഡൽഹിയിൽ മാത്രമാണ് അധികാരത്തിലുണ്ടായിരുന്നതെങ്കിൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പഞ്ചാബിലും അധികാരം പിടിക്കാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്.

മോർബിയിലെ തൂക്കുപാലം തകർന്നത് ബി ജെ പിക്ക് തിരിച്ചടിയായിട്ടുണ്ട്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷം ഇത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ആയുധമാക്കുമെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ഇതിൽ നിന്ന് എങ്ങനെ തടിരക്ഷിക്കുമെന്ന ആലോചനയിലാണ് പാർട്ടി നേതൃത്വം. കഴിഞ്ഞ തവണത്തെക്കാൾ തിളക്കം കുറഞ്ഞ ഒരു ജയമായാൽപ്പോലും ബി ജെ പിക്കും കേന്ദ്രസർക്കാരിനും അത് കനത്ത തിരിച്ചറിയായിരിക്കും .