maharajas

കൊച്ചി: മഹാരാജാസ് കോളേജ് സംഘർഷത്തിൽ നാല് പേർ അറസ്റ്റിൽ. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അതുൽ, എസ് എഫ് ഐ പ്രവർത്തകൻ അനന്ദു, വിദ്യാർത്ഥിയായ മാലിക്ക്, കോളേജിന് പുറത്തുനിന്നെത്തിയ ഹഫീസ് എന്നിവരാണ് പിടിയിലായത്.

അതേസമയം, പൊലീസ് അറസ്റ്റ് ചെയ്ത സഹോദരങ്ങളെ കാണണമെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഫോർട്ട് കൊച്ചി സ്വദേശി കമാൽ കൊച്ചി ഹാർബർ പാലത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മാലിക്കിന്റെയും ഹഫീസിന്റെയും സഹോദരനാണ് കമാൽ.

സഹോദരങ്ങളെ കാണാൻ അനുവദിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് കമാൽ പാലത്തിന് മുകളിൽ നിന്ന് താഴെയിറങ്ങിയത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. മാലിക്കിനൊപ്പം ഹഫീസും ഇന്നലെ കോളേജിലെത്തിയിരുന്നു.

കോളേജിന് സമീപമുള്ള ജനറൽ ആശുപത്രിക്കയ്ക്ക് മുമ്പിൽ വച്ച് ഇന്നലെ വൈകിട്ടാണ് എസ് എഫ് ഐ - കെ എസ് യു സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി നാല് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.