bus

ബാലരാമപുരം: ട്രെയിലർ ട്രക്കുകളിൽ കയറ്റിവന്ന പൊളിച്ച വിമാന സാമഗ്രികൾ കെ.എസ്.ആർ.ടി.സി ബസിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ ഒന്നോടെ ബാലരാമപുരം തയ്‌ക്കാപ്പള്ളിക്ക് സമീപമാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ പൊളിച്ച എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനത്തിന്റെ ഭാഗങ്ങളുമായി ട്രക്ക് ഹൈദരാബാദിലേയ്ക്ക് പോകുമ്പോണ് അപകടമുണ്ടായത്.


താരതമ്യേന വീതികുറഞ്ഞ തയ്‌ക്കാപ്പള്ളി റോ‌ഡിന് സമീപം വിമാനത്തിലെ ചിറകുഭാഗം കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ബസ് തകരുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ ബസിനുള്ളിൽ വീണു. പരിക്കേറ്റ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഗതാഗതം മണിക്കൂറോളം തടസപ്പെട്ടു. അപകടത്തിന് ശേഷം ലോറി ഡ്രൈവർ ഓടിരക്ഷപ്പെട്ടു. രാവിലെ അഞ്ചോടെ ലോറി അമരവിള ടോൾ ഗേറ്റിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. പരിക്കേറ്റവർ പ്രാഥമിക ചികിത്സയ്‌ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതായി പൊലീസ് പറഞ്ഞു.