
കോഴിക്കോട്: കുടുംബപ്രശ്നം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ യുവതിക്കൊപ്പം 'കറങ്ങിയ' എസ് ഐയെ സസ്‌പെൻഡ് ചെയ്തു. കൽപ്പറ്റ എസ് ഐ അബ്ദുൾ സമദിനെയാണ് സസ്‌പെൻഡ് ചെയ്തത്. യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് നടപടി.
അബ്ദുൾ സമദ് എടച്ചേരി എസ് ഐ അയിരുന്ന സമയത്തായിരുന്നു സംഭവം. കുടുംബ കലഹം പരിഹരിക്കാനായിട്ട് സ്റ്റേഷനിലെത്തിയ ഭാര്യയെ പ്രലോഭിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയെന്നാണ് ഭർത്താവിന്റെ പരാതി. ഭാര്യയെ വീടുവിട്ടിറങ്ങാനും എസ് ഐ പ്രേരിപ്പിച്ചിരുന്നെന്നും പരാതിയിലുണ്ട്.
ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭർത്താവ് ആരോപിക്കുന്നു. തുടർന്ന് റൂറൽ എസ് പിക്ക് പരാതി നൽകി. പിന്നാലെ അബ്ദുൾ സമദിനെ കൽപ്പറ്റയിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനുശേഷവും ഭീഷണി തുടർന്നതോടെ യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡി ഐ ജി രാഹുൽ ആർ നായർക്ക് പരാതി നൽകുകയായിരുന്നു.