road

പന്തളം : എം.സി റോഡിൽ ചെങ്ങന്നൂരിനും അടൂരിനും ഇടയിലായി കഴിഞ്ഞ രണ്ടുദിവസമായി ചെറുതും വലതുമായ നിരവധി അപകടങ്ങൾ ഉണ്ടായി. പന്തളം ചിത്രാ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാത്രി ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പുഴിക്കാട് തവളംകുളം ഇന്ദീവരത്തിൽ ഉണ്ണികൃഷ്ണൻ (33) മരിച്ചു. എം.സി റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ സേഫ് സോൺ പദ്ധതി നടപ്പാക്കിയെങ്കിലും ഫലം കണ്ടിട്ടില്ല.

വർദ്ധിച്ചുവരുന്ന അപകടങ്ങൾ കുറയ്ക്കുക, സുഗമമായ യാത്ര സാദ്ധ്യമാക്കുക എന്നിവയായിരുന്നു സേഫ് സോൺ പദ്ധതിക്കൊണ്ട് ഉദ്ദേശിച്ചത്. എന്നാൽ ഏനാത്ത്, അടൂർ, പന്തളം ഭാഗങ്ങളിൽ അപകടം കൂടുകയാണ്. പന്തളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടങ്ങളേറെയും. കുരമ്പാല ,മെഡിക്കൽ മിഷൻ ജംഗ്ഷൻ, പന്തളം, കുളനട എന്നിവിടങ്ങൾ അപകടമേഖലയാണ്. 2018​ൽ 18 അപകടമാണ് പന്തളത്ത് ഉണ്ടായത്. 2019 മുതൽ 2022 വരെ 94 അപകടങ്ങളും. കുരമ്പാല പുത്തൻകാവ് ദേവീക്ഷേത്ര കാണിക്കവഞ്ചി ഭാഗത്തെ റോഡിലെ വളവാണ് പ്രധാന വില്ലൻ. വളവിൽ അൽപ്പം വീതിയുള്ളതിനാൽ അടൂർ നിന്ന് ഈ ഭാഗത്തേക്ക് വരുന്ന മിക്കവാഹനങ്ങളും ഇവിടെ ഓവർടേക്ക് ചെയ്യുന്നതും അപകട കാരണമാകുന്നു. വളവിലെ ഓവർ ടേക്കിംഗ്, നിയന്ത്രണ രേഖകൾ മറികടക്കൽ, അശ്രദ്ധമായി വാഹനം തിരിക്കൽ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

അപകടം കുറയ്ക്കാൻ പദ്ധതി

ട്രാൻസ്‌പോർട്ട് റിസർച്ച് ലബോറട്ടറി നടത്തിയ പഠനത്തിൽ റോഡരികിലെ പൊലീസ് സാന്നിദ്ധ്യം അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എം.സി റോഡിലെ പൊലീസ് സ്റ്റേഷൻ തലത്തിൽ വാഹനങ്ങൾ നൽകി. ട്രാൻസ്‌പോർട്ട് റിസർച്ച് ലബോറട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയ പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനപാതയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നത്. മോട്ടോർവെഹിക്കിൾ, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ട്.