
കോട്ടയം: മലയാള സിനിമയിൽ ന്യൂ ജനറേഷൻ എന്നൊന്ന് ഇല്ലെന്നും ചെറുപ്പക്കാരിൽ പലരും നിർമിക്കുന്നത് പഴയ കാലഘട്ടത്തിലുള്ള സിനിമകളെന്നും അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്ര സർക്കാർ സ്ഥാപനമായ ഇന്ത്യൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷന്റെ പാമ്പാടിയിലെ ദക്ഷിണമേഖലാ കാമ്പസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നവരാണ് ന്യൂ ജനറേഷനെങ്കിൽ ഞാൻ അതിൽപ്പെടുന്ന ആളാണ്. തലമുടി നരച്ചതുകൊണ്ട് ന്യൂ ജനറേഷൻ അല്ലാതാക്കരുത്. ചിന്തയിലാണ് നൂതനത്വം വേണ്ടത്, രൂപത്തിലല്ല.'- അടൂർ പറഞ്ഞു. ചടങ്ങിൽ റീജണൽ ഡയറക്ടർ ഡോ. എസ് അനിൽകുമാർ അടൂരിനെ പൊന്നാടയണിയിച്ച് ആദരിച്ചു. അസിസ്റ്റന്റ് പ്രൊഫ. എ ചന്ദ്രശേഖർ, ആഷിഖ സുൽത്താന, ശരണ്യ നായർ തുടങ്ങിയവർ സംസാരിച്ചു.