
റിയാദ്: ഇറാൻ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം കനക്കുന്നതിനിടെ അടുത്ത നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ ഇറാൻ സൗദി അറേബ്യയെ ആക്രമിക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. സൗദി ഇക്കാര്യം അമേരിക്കയെ അറിയിക്കുകയായിരുന്നു. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ആസൂത്രിത ആക്രമണങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസികൾ ജാഗ്രതയിലാണ്.
സൗദി അറേബ്യയ്ക്കെതിരെയുള്ള ആക്രമണഭീഷണിയിൽ ആശങ്കയുണ്ടെന്നും അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തുകയാണെന്നും വൈറ്റ് ഹൗസിലെ ദേശീയ സുരക്ഷാ കൗൺസിൽ ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ സൗദിയിലെ യു എസ് എംബസിയോ കോൺസുലേറ്റോ ആക്രമണം സംബന്ധിച്ച് പൗരൻമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ല. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പ്രേരണ നൽകുന്നത് സൗദി അറേബ്യയും അമേരിക്കയും ഇസ്രായേലുമാണെന്ന് ഇറാൻ ആരോപിച്ചിരുന്നു. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളിൽ ഇടപെടുന്നതിൽ സൗദി അറേബ്യയ്ക്ക് ഇറാൻ മുന്നറിയിപ്പും നൽകിയിരുന്നു.
2019ൽ സൗദി അറേബ്യയിൽ നടന്ന വലിയ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് അമേരിക്കയും സൗദിയും ആരോപിച്ചിരുന്നു. എന്നാലിത് ഇറാൻ നിഷേധിച്ചു. അതേസമയം, അന്നത്തെ ആക്രമണത്തിന് ഉപയോഗിച്ച സമാനരീതിയിലുള്ള ഡ്രോണുകളാണ് റഷ്യൻ സേന യുക്രെയിനെതിരെ പ്രയോഗിക്കുന്നത്. സമീപകാലങ്ങളായി ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരും സൗദിയെ ആക്രമിക്കുകയാണ്.
ഇറാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ 22കാരിയായ മഹ്സ അമിനി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യത്ത് നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുന്നവരെ അടിച്ചമർത്തുന്ന ഇറാനിയൻ ഉദ്യോഗസ്ഥർക്ക് ബൈഡൻ ഭരണകൂടം ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ യുക്രെയിൻ അധിനിവേശത്തിനായി റഷ്യയ്ക്ക് ഡ്രോണുകൾ നൽകുന്നതിനും അമേരിക്ക ഇറാനിനെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കിയിരുന്നു.