gold

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരുകിലോ സ്വർണ്ണമിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കോഴിക്കോട് പുത്തൂർ ഇരട്ടകുളങ്ങര ജാസറിൽ നിന്നാണ് 1,​082 ഗ്രാം സ്വർണ്ണമിശ്രിതം പിടികൂടിയത്. ശരീരത്തിനുള്ളിൽ നാല് ക്യാപ്സൂളായി ഒളിപ്പിച്ചു കടത്തുകയായിരുന്നു.

പിടികൂടിയ സ്വർണ്ണത്തിന് മാർക്കറ്റിൽ 50.52 ലക്ഷം രൂപ വിലവരും. അരലക്ഷം രൂപയാണ് ജാസിറിന് കള്ളക്കടത്ത് സംഘം വാഗ്ദ്ധാനം ചെയ്തിരുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ സിനോയി.കെ.മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ട് എം.പ്രകാശ് , ഇൻസ്‌പെക്ടർ കപിൽദേവ് സൂരിറ എന്നിവരാണ് സ്വർണ്ണക്കടത്ത് പിടികൂടിയത്.