election

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. തെലങ്കാന, ബീഹാർ, ഹരിയാന, ഉത്തർപ്രദേശ്,ഒഡീഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പിയും പ്രാദേശിക പാർട്ടികളും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

തെലങ്കാനയിലെയും ബീഹാറിലെയും ജനവിധിയാണ് ഏവരും ഉറ്റുനോക്കുന്നത്. തെലങ്കാനയിൽ മനുഗോഡ് മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് എം എൽ എ രാജിവച്ച് ബി ജെ പിയിൽ ചേർന്നതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മനുഗോഡിൽ ബി ജെ പിയുടെ ആർ കെ രാജഗോപാൽ റെഡ്ഡിയും, ടി ആർ എസിലെ മുൻ എംഎൽഎ കുസുകുന്ത്ല പ്രഭാകർ റെഡ്ഡിയും, കോൺഗ്രസിന്റെ പല്വായ് ശ്രാവന്തിയും തമ്മിലാണ് പ്രധാനമായും മത്സരം. സംസ്ഥാന രാഷ്ട്രീയത്തിൽ തങ്ങളുടെ ആധിപത്യം പ്രകടിപ്പിക്കാനും, വൻ വിജയത്തോടെ ദേശീയതലത്തിലെത്താനുമാണ് ടി ആർ എസിന്റെ ശ്രമം. പാർട്ടി അടുത്തിടെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എന്ന് പുനർനാമകരണം ചെയ്‌തിരുന്നു.

കനത്ത പോരാട്ടമാണ് ബീഹാറിലും നടക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മഹാസഖ്യത്തിന് മുന്നിലുള്ള ആദ്യ പരീക്ഷണമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ബി ജെ പി വിട്ട് തേജസ്വി യാദവിന്റെ രാഷ്ട്രീയ ജനതാദളും(ആർജെഡി), കോൺഗ്രസുമായി ചേർന്ന് മൂന്ന് മാസം മുമ്പാണ് നിതീഷ് കുമാർ സർക്കാർ രൂപീകരിച്ചത്. ബീഹാറിൽ രണ്ട് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പി യെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പിലെ വിജയം പാർട്ടിയുടെ അഭിമാന പ്രശ്നം കൂടിയാണ്.

ഹരിയാനയിൽ ആദംപൂരിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് എം എൽ എയായിരുന്ന കുൽദീപ് ബിഷ്ണോയി ബി ജെ പിയിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ഉത്തർപ്രദേശിൽ എം എൽ എ അരവിന്ദ് ഗിരിയുടെ മരണത്തെത്തുടർന്ന് ഒഴിവുവന്ന ഗോല ഗോരഖ്നാഥ് മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. സിറ്റിംഗ് സീറ്റ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. മായാവതിയുടെ ബി എസ്‌ പിയും കോൺഗ്രസും മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ബിജെപിയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയും തമ്മിലാണ് പോരാട്ടം.


ഒഡീഷയിൽ പാർട്ടി എംഎൽഎ ബിഷ്ണു ചരൺ സേത്തിയുടെ മരണത്തെത്തുടർന്നാണ് ധാംനഗറിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടെയും സീറ്റ് നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. മഹാരാഷ്‌ട്രയിലെ അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ബി ജെ പി മത്സരത്തിൽ നിന്ന് പിൻവാങ്ങിയതോടെ ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായി.