
തിരുവനന്തപുരം: മ്യൂസിയത്തിൽ വനിതാ ഡോക്ടറെ ആക്രമിച്ച കേസിലും കുറവൻകോണത്ത് വീട് കയറി അതിക്രമം നടത്തിയ സംഭവത്തിലും പ്രതിയായ സന്തോഷിനെ വാട്ടർ അതോറിറ്രിയിൽ നിയമിക്കാൻ ആവശ്യപ്പെട്ടത് സിഐടിയു ആണെന്ന് കരാറുകാരൻ, കരാറെടുക്കുമ്പോൾ പഴയ തൊഴിലാളികളെ നിലനിർത്താൻ സിഐടിയു നിർബന്ധിച്ചിരുന്നുവെന്നും കരാറുകാരൻ ഷിനിൽ ആന്റണി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
'ജോലിയ്ക്കായി സന്തോഷ് ഇടത് യൂണിയനിൽ കയറിപ്പറ്റിയതാകാം. സന്തോഷുമായി മറ്റ് പരിചയമില്ല. വർഷങ്ങളായി സന്തോഷ് വാട്ടർ അതോറിറ്റിയിലുണ്ട്. കരാർ ഏറ്റെടുക്കുമ്പോൾ സന്തോഷിന്റെ വിവരങ്ങൾ അറിയുമായിരുന്നില്ല. വിവരങ്ങൾ ആവശ്യപ്പെട്ടാലും യൂണിയൻ നേതൃത്വം നൽകാറില്ല. സംഘടന അംഗീകരിക്കാത്തവരെ നിയമിക്കാനുമാകില്ല.'- ഷിനിൽ പറഞ്ഞു.
അതേസമയം, മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ സന്തോഷ് കുമാറിന്റെ അറസ്റ്റ് ഇന്ന് മ്യൂസിയം പൊലീസ് രേഖപ്പെടുത്തും. ഇതിന് ശേഷം മ്യൂസിയം പരിസരത്ത് കൊണ്ടുപോയി തെളിവെടുക്കും. വനിതാ ഡോക്ടർ പ്രതിയെ ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. പ്രതിയെ ഇന്നലെ കുറവൻകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ 26ന് പുലർച്ചെയായിരുന്നു സംഭവം. കവടിയാർ ഭാഗത്ത് ഗവ. ഒഫ് കേരള എന്ന ബോർഡ് വച്ച കാർ പാർക്ക് ചെയ്തശേഷമാണ് കുറവൻകോണത്തെത്തി വീട്ടിൽ മോഷണശ്രമം നടത്തിയത്. ശേഷം 4.45ന് മ്യൂസിയം പരിസരത്തെത്തി വനിതാ ഡോക്ടർക്കുനേരെ അതിക്രമം കാട്ടുകയായിരുന്നു. പ്രതിയെക്കുറിച്ച് വനിതാ ഡോക്ടർ സൂചന നൽകിയിട്ടും മ്യൂസിയം പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിൽ വിമർശനം ഉയർന്നിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാറിൽ രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ ഇയാൾ അതിനിടെ തല മൊട്ടയടിച്ചിരുന്നു.
ഇയാൾ മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ ഒരു അടിപിടിക്കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പേരൂർക്കട സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഡിസംബറിൽ ഒരു വീട്ടിൽ കടന്ന് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ചതും സന്തോഷാണെന്ന് സംശയമുണ്ട്. കേസ് തന്റെ തലയിൽ കെട്ടിവച്ചതാണെന്നും കുറ്റം ചെയ്തിട്ടില്ലെന്നും തെളിവെടുപ്പിനിടെ പ്രതി മാദ്ധ്യമങ്ങളോട് പറഞ്ഞു.