
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി വീണ്ടും ഗവർണർ. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ വിമർശനങ്ങൾക്ക് കൂടിയുള്ള മറുപടിയെന്നോണമാണ് ഇന്ന് ഗവർണറുടെ പ്രതികരണം. ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാദ്ധ്യമങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവർണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേർക്ക് മാദ്ധ്യമങ്ങൾ കാണിക്കുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചോദിച്ചു.
മുഖ്യമന്ത്രിയും ഇടതുമുന്നണിയും പറയുന്നത് ആർഎസ്എസിന്റെ ആളുകളെ യൂണിവേഴ്‌സിറ്റികളിലേക്ക് കൊണ്ടുവരാനാണ് ഞാൻ അവരെ എതിർക്കുന്നത് എന്നാണ്. എന്നാൽ ഞാൻ അവരെ വെല്ലുവിളിക്കുകയാണ്. ആർഎസ്എസുകാരനെയെന്നല്ല ഏതുവിഭാഗത്തിൽ നിന്നുള്ള ഒരാളെയെങ്കിലും എന്റെ അധികാരം ഉപയോഗിച്ച് ഞാൻ നിയമിച്ചുവെന്ന് തെളിയിച്ചാൽ ഗവർണർ പദവി രാജിവയ‌്ക്കാൻ തയ്യാറാണ്.അതല്ലായെങ്കിൽ സ്വന്തംപദവികൾ രാജിവയ‌്ക്കാൻ അവർ തയ്യാറാകുമോ?
ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യത കൂടി മുഖ്യമന്ത്രിക്കുണ്ട്. മാദ്ധ്യമങ്ങൾക്ക് മുഖ്യമന്ത്രിയെ പേടിയാണ്. ഗവർണറോട് ചോദിക്കാനുള്ള ധൈര്യം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ നേർക്ക് മാദ്ധ്യമങ്ങൾ കാണിക്കുന്നില്ല. വിസിമാർക്കെതിരെ എടുത്ത നടപടി ചോദ്യം ചെയ‌്തുകൊണ്ട് അവർ ഹൈക്കോടതിയെ സമീപിച്ചല്ലോ? എന്റെ ഭാഗത്ത് തെറ്റുണ്ടായിരുന്നെങ്കിൽ കോടതി നടപടി എടുക്കില്ലായിരുന്നോ? കാരണം കാണിക്കൽ നോട്ടീസിന് വീസിമാർ ഇതുവരെ എനിക്ക് മറുപടി തന്നിട്ടില്ല. മുന്നോട്ടുള്ള നടപടി എന്താണെന്ന് ഞാൻ തീരുമാനിച്ചിട്ടുമില്ല.
സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലും കടുത്ത വിമർശനമാണ് ഗവർണർ നടത്തിയത്. കള്ളക്കടത്തിന് നേതൃത്വം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. അത്തരക്കാർക്കെതിരെ ഗവർണർ എന്ന നിലയിൽ ഇടപെടുക തന്നെ ചെയ്യും. കേരളം സംസാരിക്കുന്നത് തന്നെ ഒരു സ്ത്രീ എഴുതിയ പുസ്‌തകത്തെ കുറിച്ചാണെന്ന് സ്വപ്‌ന സുരേഷിന്റെ ആത്മകഥ പരാമർശിച്ചുകൊണ്ട് ഗവർണർ പറഞ്ഞു. അതിലെ കഥാപാത്രങ്ങളെല്ലാം തന്നെ മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസുമായും അടുത്ത ബന്ധമുള്ളവരായിരുന്നു. തന്റെ ഉത്തരവാദിത്തമെന്നത് രാജ്യത്തെ നിയമസംവിധാനത്തെ ഉയർത്തിപിടിക്കലാണെന്നും, അല്ലാതെ ഭരണാധികാരിയുടെ നിയമം ഉയർത്തിപ്പിടിക്കലല്ലെന്നും ഗവർണർ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്നവർ യൂണിവേഴ്സിറ്റികളിൽ ആരെ നിയമിക്കണമെന്ന് നിർദേശം നൽകിയാൽ അതിൽ താൻ ഇടപെടും. കേരളത്തിലെ ജനങ്ങൾ തൊഴിൽ അന്വേഷിച്ച് ലോകം മുഴുവൻ അലയുമ്പോൾ, ഇവിടെ മന്ത്രിമാർ തങ്ങളുടെ പേഴ്‌സണൽ സ്‌റ്റാഫിലേക്ക് ഇഷ്‌ടം പോലെ നിയമനം നടത്തുകയാണ്. രണ്ട് വർഷം കാലാവധി പൂർത്തിയാക്കിയാൽ അവർക്ക് ജീവിതകാലം മുഴുവൻ പെൻഷൻ കിട്ടുകയാണ്. ഇതിനെ കൊള്ള എന്നല്ലാതെ എന്താണ് വിളിക്കേണ്ടതെന്ന് ഗവർണർ ചോദിച്ചു.
ധനമന്ത്രി ബാലഗോപാലിനെതിരെയും ഗവർണർ വിമർശനം ആവർത്തിച്ചു. സംസ്ഥാനത്തെ ഒരു മന്ത്രി പ്രാദേശികവാദം ആളിക്കത്തിക്കാൻ ശ്രമിച്ചാൽ അത് ദേശീയ ഐക്യത്തിന് നേരെയുള്ള വെല്ലുവിളിയല്ലേ? അക്കാര്യം കേരളത്തിലെ ജനങ്ങളെ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം മലയാളികൾ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രവർത്തിക്കുന്നവരാണ്. അവരെ അപകടത്തിലാക്കുന്ന പരമാർശമാണിതെന്നും ഗവർണർ പ്രതികരിച്ചു.