
കാസർകോട്: കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്തിനെ പൊലീസ് അറസ്റ്റുചെയ്തു. കാഞ്ഞങ്ങാട് സ്വദേശിനി നന്ദയുടെ ആത്മഹത്യയിലാണ് സുഹൃത്തായ അലാമിപ്പള്ളി സ്വദേശി അബ്ദുൾ ഷുഹൈബിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭീഷണി കാരണമാണ് നന്ദന ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇന്നുരാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കാഞ്ഞങ്ങാട് സി കെ നായർ ആർട്സ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു നന്ദ. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നന്ദയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുമ്പ് പെൺകുട്ടി അബ്ദുൾ ഷുഹൈബിനെ വീഡിയോ കോൾ ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
കുറച്ചുനാളായി ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാൽ അടുത്തിടെ ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടായി. ഇതോടെ നന്ദയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് അബ്ദുൾ ഷുഹൈബ് ഭീഷണിപ്പെടുത്തി. ഇതിനെത്തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.