jasik-ali

വടകര: സിനിമയിലഭിനയിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവ സംവിധായകനും സുഹൃത്തും പിടിയിൽ. കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്ത് എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാജ് (33) എന്നിവരാണ് പിടിയിലായത്.

കുറവങ്ങാട് സ്വദേശിനിയായ പതിനേഴുകാരിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ കർണാടകയിലെ മടിവാളയിൽ വച്ചാണ് ഇവരെ പിടികൂടിയത്.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ ഗുണ്ടൽപ്പെട്ടയിലുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് അവിടെയെത്തിയെങ്കിലും രക്ഷപ്പെട്ടിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇത് ജാസിക് അലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് വിശദമായി പരിശോധന നടത്തുകയായിരുന്നു.