
ലക്നൗ: ഉത്തർപ്രദേശിൽ കുശിനഗറിലെ ഒരു സർക്കാർ ആശുപത്രിയിൽ തറയിൽ രക്തം വാർന്ന് കിടക്കുന്ന രോഗിയുടെ വീഡിയോ പുറത്ത്. അത്യാഹിത വിഭാഗത്തിലുള്ള രോഗിയുടെ അടുത്ത് ഒരു തെരുവുനായ നിൽക്കുന്ന പരിതാപകരമായ അവസ്ഥയും വീഡിയോയിൽ കാണാം . കിഴക്കൻ ഉത്തർ പ്രദേശിലെ ജില്ല ആശുപത്രിയിലാണ് ഈ അവസ്ഥ. 28 സെക്കൻഡ് ദെെർഘ്യമുള്ള വീഡിയോയിൽ ശൂന്യമായി കിടക്കുന്ന കിടക്കകളും ഡോക്ടറോ നേഴ്സോ ഇല്ലെന്നും കാണാൻ കഴിയുന്നു. തെരുവ് നായ രക്തം വാർന്ന് കിടക്കുന്ന രോഗിയുടെ അടുത്ത് പോയി രക്തം മണത്ത് നോക്കുന്നതും കടന്നുപോകുന്നതും വീഡിയോയിൽ ഉണ്ട്.
ഇയാൾ അപകടത്തിൽപ്പെട്ടയാളാണെന്നും മദ്യപിച്ചിരുന്നതായും ചികിത്സയ്ക്കിടെ പലതവണ കിടക്കയിൽ നിന്ന് വീണതായും ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർ എസ് കെ വർമ പറഞ്ഞു. ഇയാളെ പിന്നീട് ഗോരഖ്പൂരിലെ ആശുപത്രിയിലേക്ക് മാറ്രി. വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ ഡോക്ടറും ജീവനക്കാരനും മറ്റൊരു വാർഡിൽ ആയിരുന്നുയെന്ന് ഡോക്ടർ അവകാശപ്പെടുന്നു. അതേസമയം ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടർക്കെതിരെ റിപ്പോർട്ട് ആരോഗ്യവകുപ്പിന് അയച്ചതായി ജില്ലാ മജിസ്ട്രേറ്റ് സായി അറിയിച്ചു.