
 20 വർഷത്തിനിടെ ആദ്യം
ന്യൂഡൽഹി: രാജ്യത്ത് കറൻസി പ്രചാരം ഇക്കഴിഞ്ഞ ദീപാവലി നാളുകളിൽ കുറഞ്ഞുവെന്നും 20 വർഷത്തിനിടെ ഇതാദ്യമാണെന്നും എസ്.ബി.ഐയുടെ റിപ്പോർട്ട്. ഡിജിറ്റൽ ഇടപാടുകൾക്ക് പ്രിയമേറിയതാണ് കറൻസി പ്രചാരം കുറയാൻ കാരണം. കറൻസിയിൽ നിന്ന് ഡിജിറ്റലിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മാറുകയാണെന്നും ബാങ്കിന്റെ 'എക്കോറാപ്പ്" റിപ്പോർട്ടിലുണ്ട്.
യൂണഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ), ക്യു.ആർ കോഡ്, ഇ-വാലറ്റുകൾ, പ്രീപെയ്ഡ് പേമെന്റ് ഇൻസ്‌ട്രുമെന്റ്‌സ് (പി.പി.ഐ) തുടങ്ങിയ ലളിതമായ ഡിജിറ്റൽ പേമെന്റ് സൗകര്യങ്ങളാണ് കറൻസി പ്രചാരത്തെ കുറയ്ക്കുന്നത്. ബാങ്ക് അക്കൗണ്ടില്ലാത്തവർക്കും ഡിജിറ്റൽ ഇടപാടുകൾ സാദ്ധ്യമാണെന്നതാണ് ഇവയുടെ സ്വീകാര്യതയ്ക്ക് പിന്നിൽ. സ്മാർട്ട്ഫോൺ ഉപഭോക്താക്കളുടെ എണ്ണമുയർന്നതും കരുത്തായി.
കുറയുന്ന കറൻസി പ്രിയം
2015-16ൽ മൊത്തം സാമ്പത്തിക ഇടപാടുകളുടെ 88 ശതമാനവും കറൻസി മുഖേനയായിരുന്നു. 2021-22ൽ ഇത് 20 ശതമാനമായി താഴ്‌ന്നു. 2026-27ൽ പ്രചാരം 11.15 ശതമാനമായി താഴുമെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട് വിലയിരുത്തുന്നു.
2015-16ലെ 11.26 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലേക്ക് ഡിജിറ്റൽ ഇടപാടുകൾ ഉയർന്നു. 2026-27ൽ ഇത് 88 ശതമാനമാകുമെന്നാണ് പ്രതീക്ഷ.
₹7,600 കോടി
ഇക്കുറി ദീപാവലി ആഘോഷം നിറഞ്ഞുനിന്ന ആഴ്‌ചയിൽ കറൻസി പ്രചാരം 7,600 കോടി രൂപ കുറഞ്ഞുവെന്നാണ് എസ്.ബി.ഐയുടെ റിപ്പോർട്ടിലുള്ളത്. 2020ൽ 43,800 കോടി രൂപയുടെയും 2021ൽ 44,000 കോടി രൂപയുടെയും വർദ്ധനയാണ് രേഖപ്പെടുത്തിയത്.