highcourt

കൊച്ചി: ക്രമക്കേടുണ്ടെങ്കിൽ വൈസ് ചാൻസലർമാരുടെ നിയമനം നിലനിൽക്കില്ലെന്ന് ഹൈക്കോടതി. ചാൻസലർക്ക് സുപ്രീംകോടതിയോട് മറുപടി പറയാൻ ബാദ്ധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിനെതിരെ വി സിമാർ നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് പറയുകയായിരുന്നു കോടതി.

ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള തീയതി തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണി വരെ കോടതി നീട്ടി നൽകി. എതിർ സത്യവാങ്മൂലം നൽകാൻ ഗവർണർക്കും കോടതി സമയം അനുവദിച്ചു. നിലവിൽ രണ്ട് വി സിമാർ മറുപടി നൽകിയതായി ഗവർണർ കോടതിയെ അറിയിച്ചു. ഹർജികൾ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനും കോടതി തീരുമാനിച്ചു.

രാജി വെയ്ക്കണമെന്ന ഗവർണരുടെ നോട്ടീസ് നേരത്തെ റദാക്കിയിരുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചു.ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ല എന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാൻ ആകില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നും വിസി മാർ വാദിച്ചു. സുപ്രീകോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു. കോടതി വിധി പ്രകാരം ചാൻസിലർക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.

കേരള സർവകലാശാല മുൻ വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവർണറുടെ നടപടി നിയമപരമല്ലന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹർജിക്കാരോട് ചോദിച്ചത്.യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വി സിമാരോട് 24 മണിക്കൂറിനുള്ളിൽ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്.