chayamukhi

ഛായാമുഖി" എന്ന പേരിന്റെയും ആശയത്തിന്റെയും ഉടമസ്ഥാവകാശത്തെ കുറിച്ച് ഈയിടെയായി നടക്കുന്ന ചില വിവാദ വർത്തമാനങ്ങളാണ് ഈ കുറിപ്പിനാധാരം.


നോക്കുന്ന ആളിന്റെ മുഖം പ്രതിഫലിക്കുക എന്ന സാധാരണ കണ്ണാടിയുടെ സ്ഥിരം പതിവ് വിട്ട്, നോക്കുന്ന ആളിന്റെ ഹൃദയത്തിന്റെ ഉള്ളിൽ ഇരിക്കുന്ന ഏറ്റവും പ്രിയങ്കരമായ രൂപം പ്രതിഫലിക്കുന്നു എന്നിടത്താണ് ഛായാമുഖി അതിവിശിഷ്ടമായ ഒരുകണ്ണാടിയാകുന്നതും ആ പ്രമേയം അതുല്യവും അസാധാരണവുമായ ഒരു സൃഷ്ടി ആകുന്നതും. അവിടെയാണ് ആ സൃഷ്ടാവിന്റെ ബൗദ്ധിക സ്വത്തവകാശം തിരിച്ചറിയേണ്ടതും അടയാളപ്പെടുത്തേണ്ടതും.


ഛായാമുഖി എന്നത് മഹാഭാരത്തിൽ പ്രതിപാദിക്കുന്ന ഒരു കണ്ണാടി ആണെന്നും ഛായാമുഖിയുടെ കഥ മഹാഭാരത്തിൽ നിന്നും അടർത്തിയെടുത്ത കഥയാണെന്നും ആണ് പലരും വിശ്വസിച്ചിരിക്കുന്നത് . വിചിത്രമെന്നു പറയട്ടെ , ഗൂഗിൾ സൂചനകൾ പോലും പലരും നൽകിയിരിക്കുന്ന തെറ്റായ വിവരങ്ങളിക്കെയാണ് വിരൽ ചൂണ്ടുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ അത് മഹാഭാരതം മൂലകഥ പോലെ പകർപ്പവകാശ കാലാവധി കഴിഞ്ഞ് പൊതു മേഖലയിലേക്ക് പോയ ഒരു പൊതു സ്വത്ത് ആകുമായിരുന്നു . പക്ഷെ പ്രശാന്ത് നാരായൺ എന്ന പ്രതിഭയുടെ സ്വർഗ്ഗഭാവനയിൽ ഉരുത്തിരിഞ്ഞ അനന്യവും അതിവിശിഷ്ടവുമായ ഒരു പ്രമേയമാണ് ഈ മായകണ്ണാടി . മഹാഭാരത കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും മുൻനിർത്തിക്കൊണ്ടുള്ള ഒരു ഭാവനാസൃഷ്ടമായ കൃതിയാണ് ഇത് . അതിന് അദ്ദേഹം കണ്ടുപിടിച്ചു നൽകിയ ശീർഷകം ആണ്” ഛായാമുഖി”. ഇതിനു മഹാഭാരത്തിലെ പശ്ചാത്തലവും കഥാപാത്രങ്ങളും നല്കിയെന്നേ ഉള്ളൂ . മഹാഭാരതത്തിൽ ഒരിടത്തും "ഛായാമുഖി" എന്ന പേരോ ഒരു മയക്കണ്ണാടിയുടെ സൂചനകളോ ഇല്ല.1996 ൽ ഈ സൃഷ്ടി പൂർത്തിയായി ഒരു പുസ്തകമായപ്പോൾ മുതൽ ഇതിൽ പകർപ്പവകാശം സൃഷ്ടാവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു.


.പിന്നീട് അത് 2003 ലും 2008 ലും നാടകമായി മോഹൻലാൽ ഉൾപ്പെടെയുള്ള പ്രതിഭകൾ കഥാപാത്രങ്ങൾക്ക് ജീവൻ നല്കിയപ്പോഴും സൃഷ്ടാവിന്റെ പേരിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പകർപ്പവകാശം സ്വാഭാവികമായും സമീപ അവകാശങ്ങളിലേക്കു കൂടി നിയമാനുസൃതമായി കൂട്ടുചേർക്കപ്പെടുകയാണ് ചെയ്തിട്ടുള്ളത്,. ആയതിനാൽ ആ ശീര്ഷകത്തിന്റെയും പ്രമേയത്തിന്റെയും കഥാഉള്ളടക്കത്തിന്റെയും പൂണ്ണമായ ബൗദ്ധിക സ്വത്തുടമ സൃഷ്ടാവ് ശ്രീ .പ്രശാന്ത് നാരായൺ തന്നെയാണ് എന്ന കാര്യത്തിൽ തർക്കം ഇല്ല.. പകർപ്പവകാശത്തിനു രെജിസ്ട്രേഷന്റെ ഒരു ഔദ്യോഗികമായ പിൻബലം ആവശ്യം ഇല്ല എന്നുള്ളതുകൊണ്ട് ഒരു സൃഷ്ടി പൂത്തിയാക്കി പ്രത്യക്ഷമായ ഒരു ഭൗതിക മാധ്യമത്തിൽ സ്ഥാപിക്കപെടുമ്പോൾ പകർപ്പവകാശം നിയമപ്രകാരം സ്ഥാപിക്കപെടുന്നു . പകർപ്പവകാശത്തെ നിയന്ത്രിക്കുന്ന അന്തർദേശീയ ഉടമ്പടികളിലെല്ലാം മറ്റു രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും അംഗമായതിനാൽ ഇന്ത്യയിൽ ഏഴുതി പൂർത്തിയാക്കിയ ഒരു സൃഷ്ടിയുടെ പകർപ്പവകാശം ലോകമൊട്ടാകെ സംരക്ഷിക്കപ്പെടും.


ഈയിടെ പ്രശസ്തയായ ഒരു മോഹിനിയാട്ട നർത്തകി ഛായാമുഖിയുടെ ആശയവും ശീർഷകവും ഉപയോഗിച്ച് മോഹിനിയാട്ടം പൊതുവേദികളിൽ അവതരിക്കുന്നു എന്ന വർത്തമാനമാണ് ഈ പകർപ്പവകാശ ചിന്തകൾക്ക് തുടക്കം. ഛായാമുഖിയുടെ ആശയവും ശീർഷകവും ഉപയോഗിച്ച് മറ്റൊരു കലാസൃഷ്ടി ഉണ്ടാക്കുമ്പോൾ തീർച്ചയായും മൂലകഥയുടെയും പ്രമേയത്തിന്റെയും പകർപ്പവകാശ ഉടമസ്ഥന്റെ അനുവാദം നിയമാനുസൃതമായി വാങ്ങിയിരിക്കേണ്ടത് നിർബന്ധമാണ്.അങ്ങനെയല്ലാതെ ചെയ്യുമ്പോൾ അത് പ്രഥമ ദൃഷ്ട്യാ ഒരു പകർപ്പവകാശ ലംഘനമാണ് . രാമായണത്തിന്റെയും മഹാഭാരത്തിന്റെയും മൂലകഥ പകർപ്പകവാശ കാലാവധി കഴിഞ്ഞ പൊതു സ്വത്ത് വിഭാഗത്തിലായതിനാൽ അതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു നിർമ്മിക്കുന്ന കലാസൃഷ്ഠികൾക്കു ഇത്തരത്തിലുള്ള അനുമതി ആവശ്യമില്ല.


ഒരു നാടകത്തിൻറെ ഇതിവൃത്തം മറ്റൊരു കലാരൂപമായിട്ട് മാറ്റുമ്പോൾ അടിസ്ഥാന പ്രമേയവും മൂലകഥയും മാത്രം നിലനിർത്തി മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ പോലും അത് ഒരു വ്യക്തമായ പകർപ്പവകാശ ലംഘനമാണ്. അടിസ്ഥാന പരമായി പകർപ്പവകാശം നിലനിൽക്കുന്ന ഒരു സൃഷ്ടിയിൽ നിന്നും പ്രേരണയും പ്രചോദനം ഉൾക്കൊണ്ട് മറ്റൊരു കലാരൂപം ഉണ്ടാകുമ്പോഴും മൂല സൃഷ്ടിയുടെ ഉടമസ്ഥന്റെ അനുവാദം വാങ്ങുകയും അനുയോജ്യമായ ക്രെഡിറ്റ് കൊടുക്കയും ചെയ്യേണ്ടതായുണ്ട്.


പൊതുവെ ഇത്തരത്തിലുള്ള ലംഘനങ്ങൾ പലപ്പോഴും അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോകുന്നതാണ്. പക്ഷെ ഒരു കലാകാരന്റെ സുദീർഘമായ പ്രയത്നത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി ഒരു ബൗദ്ധിക സ്വത്ത് സൃഷ്ടിക്കപെടുമ്പോൾ അത് അദ്ദേഹത്തിന്റെ അനുവാദമില്ലാതെ അപഹരിച്ചു വാണിജ്യവത്കരിക്കപ്പെടുമ്പോൾ അത് ഒരു സാംസ്‌കാരിക കവർച്ച കൂടിയാകുകയാണ്. എഴുത്തുകാർ പലപ്പോഴും സാമ്പത്തികമായി ശക്തരല്ലാത്തതിനാൽ നിയമനടപടികളിലേക്കു പോകാൻ മടിക്കാറുണ്ട്. നല്ല കഥകളുടെയും പ്രമേയങ്ങളുടെയും വില്പനവകാശം കമ്പോളത്തിൽ ചൂടുള്ള ഉത്പന്നമായതിനാൽ എഴുത്തുകാരും അതീവ ജാഗ്രതപുലർത്തേണ്ടതായുണ്ട് . നമുക്ക് നിയമങ്ങൾ ധാരാളമായുണ്ടെങ്കിലും അതിനപ്പുറത്തേക്കുള്ള ബോധവൽക്കരണവും ജാഗ്രതയും വർത്തമാനകാല ബൗദ്ധികസ്വത്തവകാശ വെല്ലുവിളികളെ നേരിടുന്നതിനുള്ള സാമൂഹ്യരസതന്ത്രവും നാടിൻറെ മുന്നോട്ടുള്ള ബൗദ്ധിക യാത്രക്ക് ശക്തി പകരും ഒപ്പം ബൗദ്ധികഅപഹരണങ്ങൾക്കും സാംസ്‌കാരിക കവർച്ചകൾക്കും തടമിടാനും ഒരു പരിധിവരെ സാധിച്ചേക്കും.


BY അഡ്വക്കേറ്റ് .എസ് .വേണുഗോപാലൻ നായർ ,
ബൗദ്ധിക സ്വത്തവകാശ അറ്റോർണി , ചെന്നൈ
Mob-9567762560