
തിരുവനന്തപുരം: പേരൂർക്കടയിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയും മ്യൂസിയത്തിന് സമീപം വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിയും ഒരാൾ തന്നെയെന്ന് തെളിഞ്ഞു. ഫോറൻസിക് ലാബിലെ വിരലടയാള പരിശോധനയിലാണ് ഇരുകേസുകളിലെയും പ്രതി മലയിൻകീഴ് മച്ചയിൽ ശിവജിപുരം പത്മനാഭവിലാസം വീട്ടിൽ സന്തോഷാണെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞവർഷം ഡിസംബറിലാണ് പേരൂർക്കടയിലെ കേസിനാസ്പദമായ സംഭവം നടന്നത്. നഗരത്തിൽ പഠിക്കാനെത്തിയ പെൺകുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസ് ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിക്കുകയും ചെയ്തിരുന്നു. മ്യൂസിയത്തെയും കുറവൻകോണത്തെയും കേസുമായി ബന്ധപ്പെട്ട് സന്തോഷിന്റെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ വന്നതിന് പിന്നാലെ പരാതിക്കാരിയായ യുവതി ഇയാളെ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ വിരലടയാളം പരിശോധനയ്ക്ക് അയച്ചത്. പേരൂർക്കടയിലെ കേസിനോടനുബന്ധിച്ച് ശേഖരിച്ച വിരലടയാളവും പ്രതിയുടെ വിരലടയാളവും ഒന്നുതന്നെയെന്ന് പിന്നാലെ റിപ്പോർട്ടിൽ വ്യക്തമാവുകയായിരുന്നു. പേരൂർക്കടയിലെ കേസുമായി ബന്ധപ്പെട്ട് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ 26ന് പുലർച്ചെയായിരുന്നു മ്യൂസിയത്തിലെ സംഭവം നടന്നത്. കവടിയാർ ഭാഗത്ത് ഗവ. ഒഫ് കേരള എന്ന ബോർഡ് വച്ച കാർ പാർക്ക് ചെയ്തശേഷമാണ് കുറവൻകോണത്തെത്തി വീട്ടിൽ മോഷണശ്രമം നടത്തിയത്. ശേഷം 4.45ന് മ്യൂസിയം പരിസരത്തെത്തി വനിതാ ഡോക്ടർക്കുനേരെ അതിക്രമം കാട്ടുകയായിരുന്നു. പ്രതിയെക്കുറിച്ച് വനിതാ ഡോക്ടർ സൂചന നൽകിയിട്ടും മ്യൂസിയം പൊലീസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിൽ വിമർശനം ഉയർന്നിരുന്നു.
സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാറിൽ രക്ഷപ്പെട്ട പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയത്. തിരിച്ചറിയാതിരിക്കാൻ ഇയാൾ തല മൊട്ടയടിച്ചിരുന്നു. എന്നാൽ വനിതാ ഡോക്ടർ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ കുറവൻകോണത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തു.കഴിഞ്ഞ പത്ത് വർഷമായി സെക്രട്ടേറിയറ്റിൽ വാഹനങ്ങൾ കരാർ നൽകുന്ന ഏജൻസിയുടെ ഡ്രൈവറാണ് സന്തോഷ്. ഒരു വർഷം മുമ്പ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാരൻ നായരുടെ ഡ്രൈവറായി സന്തോഷ് ജോലിയിൽ പ്രവേശിച്ചു. കേസിന് പിന്നാലെ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടുണ്ട്.