child

തിരുവന്തപുരം : ഈ വർഷത്തെ സംസ്ഥാനതല ശിശുദിനാഘോഷ പരിപാടികൾ നവംബർ 14-ന് തിരുവനന്തപുരത്ത് കുട്ടികളുടെനേതാക്കൾ നയിയ്ക്കും. അതിനായി കുട്ടികളുടെനേതാക്കളെ തിരഞ്ഞെടുത്തതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ ഷിജൂഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു. എൽ പി, യു പി വിഭാഗം മലയാളം പ്രസംഗ മത്സരം മുഖേനയാണ് നേതാക്കളെ തിരഞ്ഞെടുത്തത്. കുട്ടികളുടെ പ്രധാനമന്ത്രിയായി മിന്നാ രഞ്ജിത്തിനേയും പ്രസിഡന്റായി നന്മ എസിനേയും സ്പീക്കറായി ഉമ എസിനേയും തിരഞ്ഞെടുത്തു.

കവടിയാർ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനി മിന്നാ രഞ്ജിതാണ് കുട്ടികളുടെ പ്രധാനമന്ത്രി. പ്രസംഗം, പെയിന്റിംഗ്, ഫാൻസി ഡ്രസ്സ് എന്നിവയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഐ ടി പ്രൊഫഷണലായ രഞ്ജിത്തിന്റെയും മാനേജ്‌മെന്റ് കൺസൾട്ടന്റായ ജിനു റാണിജോർജ്ജിന്റേയും മകളാണ്‌പേരൂർക്കട മണികണ്‌ഠേശ്വരം സ്വദേശിനി മിന്നാ രഞ്ജിത്ത്. മിലോഷ് രഞ്ജിത്ത് സഹോദരനാണ്. കഴിഞ്ഞ വർഷത്തെ സംസ്ഥാന ശിശുദിനാഘോഷത്തിൽ സ്വാഗത പ്രാസംഗിക ആയി തിരഞ്ഞെടുക്കപ്പെട്ടത് മിന്നാ രഞ്ജിതിനെയാണ്

തിരുവനന്തപുരം വഞ്ചിയൂർഹോളി ഏഞ്ചൽസ് സ്‌കൂളിലെ ആറാംക്ലാസ്സ് വിദ്യാർത്ഥിനിയായ നന്മ എസ് ആണ് കുട്ടികളുടെ പ്രസിഡന്റ്. ഉപന്യാസ രചന,മോണോ ആക്ട് പ്രസംഗം എന്നിവയിൽ സംസ്ഥാനതലത്തിൽ സമ്മാനങ്ങൾനേടിയിട്ടുണ്ട്. ജഗതി ഈശ്വരവിലാസംറോഡ്, 'മാധവ'ത്തിൽ വിപ്രോയിലെ ഐ.ടി. പ്രൊഫഷണലും സാപ് കൺസൾട്ടന്റുമായ ശ്രീകുമാറിന്റെയും ഡോ. ദിവ്യ ശ്രീകുമാറിന്റെയും മകളാണ് നന്മ. ഇരട്ടകളായ നന്ദിത്തും നമസ്വിയും സഹോദരങ്ങളാണ്.

യു പി വിഭാഗം മലയാളം പ്രസംഗത്തിൽ സമ്മാനം നേടി കുട്ടികളുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ഉമ എസ് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സുകാരി ആണ്. കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി കെ സുജിത്തിന്റെയും അഭിഭാഷകയായ എം നമിതയുടെയും മകളാണ് ഉമ എസ് 2021-ലെ സംസ്ഥാന ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രസംഗ മത്സരവേദികളിലും ഡബ്ബിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട്. എം ജി കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ സഹോദരനാണ്.

ഇത്തവണത്തെ ശിശുദിന പൊതുയോഗത്തിൽ സ്വാഗത പ്രസംഗം നടത്തുക പാർവണേന്ദു പി എസ് ആണ്. എസ് എസ് ഡി ശിശുവിഹാർ യു പി എസിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. മ്യൂസിക്, ഡ്രായിംഗ്, ക്രാഫ്റ്റ് വർക്ക്, സ്റ്റാമ്പ് കളക്ഷൻ എന്നിവയിൽ കമ്പമുള്ള പാർവണേന്ദു കുട്ടികളുടെ ഇന്റർനെറ്റ്‌ റേഡിയോ ആയ സാഹിതിവാണിയിലെ റേഡിയോജോക്കി ആണ്. കവിത വായിക്കുന്നതിലും എഴുതുന്നതിലും പ്രത്യേക താൽപര്യം പുലർത്തുന്ന പാർവണേന്ദു ശാസ്ത്രീയ സംഗീതത്തിൽ നിരവധി സമ്മാനങ്ങൾനേടിയിട്ടുണ്ട്. റെയിൽവേ ഹെൽത്ത് ഇൻസ്‌പെക്ടറായ പത്മകുമാർ വി ജിയുടെയും ചാല ഗവൺമെന്റ് സ്‌കൂളിലെ ടീച്ചറായ സന്ധ്യയുടെയും മകളാണ്.

തിരുവനന്തപുരം വഴുതയ്ക്കാട് കാർമൽഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥിനി ഗൗതമി എം എൻ പൊതുയോഗത്തിലെ നന്ദി പ്രാസംഗിക. സംഗീതത്തിലും പ്രസംഗമത്സത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ബി എസ് എൻ എൽ നൗഷാദ് ലാലിന്റെയും ആയുർവേദ ഡോക്ടറായ മാലിനി സി എസിന്റെയും മകളാണ്.

എൽ പി, യു പി വിഭാഗം പ്രസംഗ മത്സരത്തിൽ ആദ്യ അഞ്ച് സ്ഥാനക്കാരിൽ നിന്നുമാണ് കുട്ടികളുടെനേതാക്കളെ തിരഞ്ഞെടുത്തത്. ഗ്രാന്റ് മാസ്റ്റർ ജി എസ് പ്രദീപ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ എന്നിവരടങ്ങിയ ജൂറി നടത്തിയ സ്‌ക്രീനിംഗിൽ കൂടിയാണ്‌നേതാക്കളെ തിരഞ്ഞെടുത്തത്.

നവംബർ 14ന് തിരുവനന്തപുരത്ത് നടക്കുന്ന കുട്ടികളുടെ സംസ്ഥാനതല പൊതുയോഗം കുട്ടികളുടെ പ്രധാനമന്ത്രി മിന്നാ രഞ്ജിത് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് നന്മ എസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്പീക്കർ ഉമ എസ് മുഖ്യപ്രഭാഷണം നടത്തും. 'നേടിയതൊന്നും പാഴാക്കരുതേ; അന്ധവിശ്വാസത്തിനെതിരെ ശാസ്ത്ര പ്രതിരോധം' എന്നതാണ് ഈ വർഷത്തെ ശിശുദിനാഘോഷത്തിന്റെ പ്രമേയം.യോഗത്തിൽ പ്രമുഖർ പങ്കെടുത്ത് കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകും.യോഗത്തിൽ ഇത്തവണത്തെ ശിശുദിനസ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.