football

തിരുവനന്തപുരം :ഖത്തർ ഫുട്‌ബോൾ ലോകകപ്പ് ആവേശത്തോടൊപ്പം സംസ്ഥാനത്ത് പുതിയ കായിക സംസ്‌കാരം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കായിക യുവജനകാര്യ ഡയറക്ടറേറ്റും സ്‌പോർട്‌സ് കൗൺസിലും ചേർന്ന് വൺ മില്യൺ ഗോൾ കാമ്പെയ്ൻ സംഘടിപ്പിക്കും. ഒരു ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ ഭാഗമായി ഫുട്‌ബാൾ പരിശീലനം നൽകും. ആയിരം കേന്ദ്രങ്ങളിലായി 10നും 12നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പത്ത് ദിവസത്തെ പരിശീലനമാണ് നല്‍കുകയെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ അറിയിച്ചു.

നവംബർ 11 മുതൽ 20വരെയാണ് പരിശീലന പരിപാടി. പ്രത്യേകം തയാറാക്കിയ പരിശീലന പാഠക്രമം അനുസരിച്ച് ദിവസവും ഓരോ മണിക്കൂറാണ് പരിശീലനം. ഓരോ കേന്ദ്രത്തിലും 100 കുട്ടികളുണ്ടാവും. സംസ്ഥാനത്തെ 5 ലക്ഷം കുട്ടികൾക്ക് ഫുട്‌ബാൾ പരിശീലനം നൽകുന്നതിന് “ഗോൾ” എന്നപേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

ഖത്തറില്‍ ലോകകകപ്പിന് തുടക്കമാകുമ്പോൾ കേരളത്തിലെ 1000 പരിശീലന കേന്ദ്രങ്ങളിൽ 1000 ഗോൾ വീതവും സംസ്ഥാനത്തൊട്ടാകെ 10 ലക്ഷം ഗോളുകളും സ്‌കോർ ചെയ്യപ്പെടുമെന്നും മന്ത്രി അറിയിച്ചു. നവംബര്‍ 20 നും 21 നുമായി ക്യാമ്പയിന്റെ ഭാഗമായുള്ള ഓരോ പരിശീലന കേന്ദ്രത്തിലും പ്രത്യേകം സജ്ജമാക്കിയ ഗോൾ പോസ്റ്റുകളിൽ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളും കായിക പ്രേമികളും പൊതു സമൂഹവും ചേർന്നാണ് ഗോളുകൾ അടിക്കുക. 20ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ ആറുവരെ പൊതുസമൂഹത്തിനും 21ന് രാവിലെ ഒൻപതു മുതൽ 12വരെ സ്കൂൾകുട്ടികൾക്കുമാണ് ഗോളടിക്കാൻ അവസരമൊരുക്കുന്നത്.

ആരോഗ്യവും മികച്ച കായിക ക്ഷമതയുമുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാർ ആരംഭിച്ച “SAY NO TO DRUGS” ലഹരി വിരുദ്ധ ക്യാമ്പയിനും വൺ മില്യൺ ഗോൾ ക്യാമ്പയിനൊപ്പം പരമാവധി പ്രചാരണം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ- കായിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് വൺ മില്യൺ ഗോൾ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ നിര്‍വ്വഹണച്ചുമതല അതാത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും. ജില്ലാതല ഏകോപനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനും, സംസ്ഥാന തല ഏകോപനം കായികയുവജനകാര്യ ഡയറക്ടറ്റേറ്റും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും നിര്‍വഹിക്കും. 1000 സെന്ററുകള്‍ക്കു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ കായിക അക്കാദമികൾ, കായിക ക്ലബ്ബുകള്‍, വിദ്യാലയങ്ങൾ, റസിഡന്‍ഷ്യൽ അസോസിയേഷനുകൾ തുടങ്ങിയ കൂട്ടായ്മകളുടെ സഹകരണത്തോടെ അധിക പരിശീലന കേന്ദ്രങ്ങളെ ക്യാമ്പയിനിൽ ഉള്‍പ്പെടുത്തും. ഓരോ ജില്ലയിലും 72 ഓളം പരിശീലന കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. കേന്ദ്രങ്ങളിലേക്ക് പരിശീലനത്തിനാവശ്യമയായ ഫുട്‌ബോളുകൾ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകൾ മുഖേന വിതരണം ചെയ്യും. ഓരോ കേന്ദ്രങ്ങളിലേക്കും വേണ്ട പരിശീലകരെ തദ്ദേശീയമായിത്തന്നെ കണ്ടെത്തും. ഓരോ ജില്ലയിലും തെരഞ്ഞെടുത്തിട്ടുളള വൺ മില്യൺ ഗോൾ അംബാസിഡര്‍മാരായി മുൻ സന്തോഷ് ട്രോഫി താരങ്ങൾ ക്യാമ്പയിന്റെ പ്രചാരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

വൺമില്യണ് ക്യാമ്പയിൻ വിജയിപ്പിക്കാൻ കായിക പ്രേമികളുടേയും പൊതുസമൂഹത്തിന്റെയും എല്ലാ സഹകരണവും മന്ത്രി അഭ്യർത്ഥിച്ചു.