eldose-mla-bail

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പരാതി നൽകിയ യുവതിയെ മർദ്ദിച്ച കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്ക് ജാമ്യം. പരാതിക്കാരിയായ അദ്ധ്യാപികയെ അഭിഭാഷകന്റെ സാന്നിദ്ധ്യത്തിൽ മർദ്ദിച്ചു എന്ന കേസിൽ തിരുവനന്തപുരം സെഷൻസ് കോടതിയാണ് എംഎൽഎയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കോടതി മുമ്പാകെ ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണം, രണ്ട് ദിവസം പൊലീസിന് മുന്നിൽ ഹാജരാകണം, കേരളം വിട്ട് പുറത്ത് പോകരുത് എന്നീ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ച് നൽകിയത്.

വഞ്ചിയൂരിലെ വക്കീൽ ഓഫീസിൽവച്ച് എൽദോസും മൂന്ന് അഭിഭാഷകരും ഭീഷണിപ്പെടുത്തിയതായും .ഓഫീസിലെ വാതിൽ പൂട്ടിയിട്ട് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായുമാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ ആരോപിക്കുന്നത്. എം എൽ എക്കെതിരെ നൽകിയത് കള്ളക്കേസാണെന്ന് എഴുതിയ മുദ്രപത്രത്തിൽ ഒപ്പിടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചു. വസ്ത്രത്തിലും മുടിയിലും പിടിച്ചുവലിച്ചു. വസ്ത്രത്തിന്റെ പുറകുവശം കീറിപ്പോയി. ഒപ്പിടുന്നതിനായി എൽദോസ് ബലം പ്രയോഗിച്ചെങ്കിലും നടക്കാതെ വന്നതോടെ ഷോൾ ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും തറയിൽ തള്ളിയിടുകയും ചെയ്തു. ഇതിനിടെ ഓൺലൈൻ മാദ്ധ്യമപ്രവർത്തകനെന്ന് പരിചയപ്പെടുത്തിയയാൾ തന്റെ ദൃശ്യങ്ങൾ ചിത്രീകരിച്ചു. എൽദോസിനെ അനുസരിച്ചില്ലെങ്കിൽ ഹണിട്രാപ്പിൽ കുടുക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി.

അവിടെ നിന്ന് രക്ഷപ്പെട്ട് ഓട്ടോയിൽ പ്രവേശിച്ചെങ്കിലും അഭിഭാഷകർ കാറിൽ പിന്തുടർന്നെത്തി. തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയുടെ മുന്നിലെത്തിയപ്പോൾ കാറിൽ നിന്നും പുറത്തേയ്ക്ക് തള്ളിയ ശേഷം ഇവർ കടന്നുകളയുകയും ചെയ്തതായാണ് പരാതിക്കാരിയുടെ മൊഴിയിൽ പറയുന്നത്. അതേ സമയം പരാതിക്കാരി നൽകിയ ലൈംഗിക പീഡന കേസിലും നേരത്തെ എൽദോസ് കുന്നപ്പിള്ളിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. ഈ കേസിൽ പരാതിക്കാരിയുടെ വീട്ടിലടക്കം എംഎൽഎയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.