ajith

ന്യൂഡൽഹി: ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ പ്ളാറ്റ്‌ഫോംസിന്റെ ഇന്ത്യാ വിഭാഗം മേധാവിയും മലയാളിയുമായ അജിത് മോഹൻ രാജിവച്ചു. നാലുവർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്.

മെറ്റ ഇന്ത്യ ഡയറക്‌ടറും പാർട്‌ണർഷിപ്പ് ഹെഡ്ഡുമായ മനീഷ് ചോപ്ര ഇടക്കാല മേധാവിയായി ഉടൻ ചുമതലയേൽക്കും. മറ്റൊരു സാമൂഹികമാദ്ധ്യമമായ സ്നാപ്പിൽ അജിത് ചേർന്നേക്കുമെന്നാണ് സൂചനകൾ. സ്നാപ്പിന്റെ ഏഷ്യ-പസഫിക് മേഖലാ പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്ന് ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്‌തു.

കൊച്ചി ഏലൂരിൽ ജനിച്ച അജിത് ഉദ്യോഗമണ്ഡലിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം സിംഗപ്പൂരിൽ നിന്ന് ബിരുദം നേടി. തുടർന്ന്, വിവിധ വിദേശ സർവകലാശാലകളിൽ നിന്ന് ഇക്കണോമിക്‌സിലും ഫിനാൻസിലും ഉന്നദബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. മക്കൻസി, സ്‌റ്റാർ ടിവി., ഹോട്ട്‌സ്‌റ്റാർ എന്നിവിടങ്ങളിൽ ജോലി ചെയ്‌തശേഷമാണ് മെറ്റയിലെത്തിയത്.