korea

സോൾ : ഉത്തര കൊറിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തി പരാജയപ്പെട്ടെന്ന് ദക്ഷിണ കൊറിയ. ഇന്നലെ പ്രാദേശിക സമയം രാവിലെ 7.40നായിരുന്നു മിസൈലിന്റെ വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം പറയുന്നു. മിസൈൽ കടലിൽ തന്നെ പതിച്ചു. ഈ വർഷം ഇത് ഏഴാം തവണയാണ് ഉത്തര കൊറിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം നടത്തുന്നത്. ബുധനാഴ്ച ദക്ഷിണ കൊറിയൻ പരിധിയിലേക്ക് മിസൈൽ വിക്ഷേപിച്ച് പ്രകോപനം സൃഷ്ടിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ പുതിയ നീക്കം നടത്തിയത്. അതേ സമയം, ഇന്നലെ തന്നെ രണ്ട് ഹ്രസ്വ ദൂര മിസൈലുകളും ഉത്തര കൊറിയ പരീക്ഷിച്ചു. പരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കൻ ജപ്പാനിൽ ജാഗ്രതാ നിർദ്ദേശമുണ്ടായിരുന്നു. മിസൈൽ ആദ്യം ജപ്പാന് മുകളിലൂടെ പറന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും മിസൈൽ ജപ്പാന് മുകളിലൂടെ പറന്നിട്ടില്ലെന്നും എന്നാൽ ജപ്പാൻ കടലിന് മുകളിലൂടെ പറന്ന് അപ്രത്യക്ഷമായെന്നും ജാപ്പനീസ് പ്രതിരോധ മന്ത്രി യാസുകാഷൂ ഹമാദ പറഞ്ഞു.