
ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പ്രൊവിഡന്റ് ഫണ്ട് പെൻഷൻ എന്ന കേരള ഹൈക്കോടതിയുടേതടക്കം ഉത്തരവുകൾക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫും നൽകിയ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. രാവിലെ പതിനൊന്നോടെ ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസിൽ ഉത്തരവിറക്കുക. രാജ്യത്തെ ലക്ഷക്കണക്കിന് ജീവനക്കാരെയും തൊഴിലാളികളെയും ബാധിക്കുന്ന വിധിയാണിത്.
ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന് വ്യക്തമാക്കി 2014ലെ കേന്ദ്ര ഭേദഗതി റദ്ദാക്കി കേരളം, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതികൾ പുറത്തിറക്കിയ ഉത്തരവിനെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ചീഫ് ജസ്‌റ്റിസ് യു.യു ലളിതിന് പുറമേ ജസ്‌റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻശു ദൂലിയ എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ.
രണ്ടായിരം രൂപയായി പെൻഷൻ വർദ്ധിപ്പിക്കാനുളള ശുപാർശ നിലവിൽ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. എന്നാൽ ഇതല്ല മിനിമം പെൻഷൻ ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകൾ കേസിൽ വാദിച്ചത്. നിലവിൽ മിനിമം പെൻഷൻ ആയിരം രൂപയാണ്.
ഉയർന്ന ശമ്പളത്തിന് അനുപാതികമായി കൂടിയ പെൻഷൻ നൽകിയാൽ പിഎഫ് ഫണ്ട് ഇല്ലാതാകുമെന്ന് കേന്ദ്ര സർക്കാർ വാദിച്ചിരുന്നു. ആറ് മാസത്തോളം നീണ്ട വാദത്തിനൊടുവിലാണ് ഇന്ന് രാവിലെ കേസിൽ കോടതി വിധി പറയുക.