കുമാരി എന്ന ചിത്രത്തിന്റെ സംവിധായകൻ നിർമൽ സഹദേവ് സംസാരിക്കുന്നു

mm

ഐശ്വര്യലക്ഷ്‌മി: തിരക്കഥ എഴുതുമ്പോൾ മുതൽ ഐശ്വര്യ ലക്ഷ്‌മി ആയിരുന്നു മനസിൽ. ഐഷു ഇതു ചെയ്താൽ നന്നായിരിക്കുമെന്ന തീരുമാനം തന്നെയായിരുന്നു ഞങ്ങൾ എല്ലാവർക്കും. ഐശ്വര്യ ലക്ഷ്‌മി ഇതേവരെ ചെയ്യാത്ത കഥാപാത്രം. മെട്രോ വേഷങ്ങളിൽ നിന്ന് ഐശ്വര്യയെ കുമാരിയായി കാണുമ്പോൾ പുതുമ അനുഭവപ്പെടുമെന്ന തോന്നൽ പൂർണമായും വിജയിച്ചു. പൊന്നിയിൻ സെൽവനും അമ്മുവിനും പിന്നാലെ കുമാരി കൂടി വന്നപ്പോൾ ഐശ്വര്യയെ തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതി.
സ്വാസിക: ലക്ഷ‌്‌മി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ രമ്യ നമ്പീശനെ ആലോചിച്ചതാണ്. അഭിനയ സാദ്ധ്യതയുള്ള കഥാപാത്രമായി രമ്യ വന്നാൽ നന്നായിരിക്കും. സ്വാസികയുടെ പേര് നിർദ്ദേശിച്ചത് പൃഥ്വിരാജാണ്. ലക്ഷ്‌മിയായി എത്തി സ്വാസിക മികച്ച പ്രകടനം കാഴ്ചവച്ചു.അപ്രതീക്ഷിതമായി ലക്ഷ്മിയുടെ മരണം.അത് പ്രേക്ഷകരിലേക്ക് എത്തിക്കാനും കഴിഞ്ഞുവെന്ന് കരുതുന്നു.
ശ്രുതി മേനോൻ : 'കിസ്‌മത്ത്" കണ്ടപ്പോൾ മുതൽ ശ്രുതി മേനോനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിച്ചു. രൂപഭാവത്തിൽ മലയാളിയാണോ, അല്ലയോ എന്നും തിരിച്ചറിയാനാവാത്ത രൂപം വേണമായിരുന്നു. കൃത്യമായി ശ്രുതിയിലേക്കു തന്നെ എത്തി. പാരിജാതമായി മറ്റൊരാളെ സങ്കല്പിക്കാൻ കഴിഞ്ഞില്ല. കുറെ നാളുകൾക്കുശേഷം ശ്രുതിയെ കണ്ടതിന്റെ പുതുമ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു എന്നു തോന്നുന്നു.
തൻവി റാം:നങ്ങക്കുട്ടിയെ ആര് അവതരിപ്പിക്കുമെന്ന് ഏറെ ആലോചിച്ചതാണ്. പ്രിയംവദ കൃഷ്ണനെ തീരുമാനിച്ചെങ്കിലും ഡേറ്റ് ഒത്തുവന്നില്ല.അങ്ങനെയാണ് തൻവിയിൽ എത്തുന്നത്.നങ്ങക്കുട്ടിയായി മാറാൻ തൻവിക്ക് വേഗം കഴിഞ്ഞു.ഞങ്ങൾ കണ്ട അതേ നങ്ങക്കുട്ടി.
സുരഭി ലകഷ്‌മി: ഒരു പാഠപുസ്തകമാണ് സുരഭി. ഒരുപാട് കാര്യങ്ങൾ സുരഭിയിൽ നിന്ന് സംവിധായകൻ എന്ന നിലയിൽ പഠിക്കാൻ കഴിഞ്ഞു.മുത്തമ്മ എന്ന കഥാപാത്രമായി അസാധാരണ പകർന്നാട്ടം നടത്തി എല്ലാവരെയും വിസ് മയിപ്പിച്ചു. സുരഭിയെന്ന് തിരിച്ചറിയാൻ കഴിയാത്ത രൂപ ഭാവം.