
ഷൊർണൂർ റസ്റ്റ് ഹൗസിനു മുന്നിൽ ഉണ്ണി
നിളാതീരത്ത് മലയാള സിനിമ ചിത്രീകരണം തുടങ്ങിയിട്ട് അറുപത് വർഷം പിന്നിട്ട് കഴിഞ്ഞു. സംവിധായകൻ പി.എൻ.മേനോൻ, ഭരതൻ,എഴുത്തുകാരനും സംവിധായകനുമായ എം.ടി വാസുദേവൻ നായർ, നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായർ, സംവിധായകൻ വിൻസെന്റ്, ഐ.വി.ശശി,ഹരിഹരൻ തുടങ്ങിയവരാണ് ഭാരതപ്പുഴയുടെ തീരത്തേക്ക് മലയാള സിനിമയെ ആദ്യം അടുപ്പിച്ച പ്രമുഖർ. ലോഹിതദാസ്, പ്രിയദർശൻ, ലാൽ ജോസ് തുടങ്ങിയവരുടെ തലമുറ പിന്നാലെയും വന്നു.ഒറ്റപ്പാലത്തും ഷൊർണൂരുമൊന്നും നക്ഷത്ര ഹോട്ടലുകൾ തലപൊക്കിയിട്ടില്ലാത്ത കാലം.ചിത്രീകരണത്തിനെത്തുന്ന സിനിമാ സംഘങ്ങൾക്ക് താമസിക്കാൻ ആകെയുണ്ടായിരുന്ന ആശ്രയം നിളാതീരത്ത് നിന്ന് ഒരു വിളിപ്പാടകലെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരമായിരുന്നു.എഴുപത് വർഷത്തോളം പഴക്കമുള്ള ഷൊർണ്ണൂർ റസ്റ്റ് ഹൗസ് ഒരേക്കർ വിസ്തൃതിയിൽ ഇപ്പോഴും ഏകാന്തത തണലിട്ട് നിലകൊള്ളുന്നു .
ഇവിടുത്തെ ഏകാന്തത പേറുന്ന അന്തരീക്ഷം എഴുത്തുകാരെയും വല്ലാതെ ആകർഷിച്ചു. സിനിമാക്കഥ എഴുതാൻ പ്രശസ്ത തിരക്കഥാകൃത്തുക്കൾ ഇവിടം തേടിയെത്തി . അവരുടെ സിനിമകൾ ഹിറ്റും സൂപ്പർഹിറ്റുമായി. വരികൾ തേടി എത്തുന്ന ഗാന രചയിതാക്കൾ, ഈണം തേടി അലയുന്ന സംഗീത സംവിധായകർ, പുതിയ സിനിമയെ മൗനമായി മനസിലിട്ട് താലോലിക്കുന്ന സംവിധായകർ, സിനിമാമോഹം പേറി അവസരത്തിനായെത്തുന്ന അഭിനയമോഹികൾ.അങ്ങനെ മലയാള സിനിമയുടെ തുടിപ്പറിയുന്നർക്ക് തണലും താവളവുമായി ഈ റസ്റ്റ് ഹൗസ്. മലയാള സിനിമാക്കാരുടെ ചെന്നൈയിലെ "സ്വാമീസ് ലോഡ്ജ് " പോലെ ഭാഗ്യവീടായി മാറി.
പ്രേംനസീർ,മധു,രജനികാന്ത്,മമ്മൂട്ടി, മോഹൻലാൽ, അരവിന്ദ് സ്വാമി,ജയറാം, ദിലീപ് എന്നിങ്ങനെ നീളുന്ന സൂപ്പർ താരനിരകളും ഒരു കാലത്ത് താമസിച്ചത് ഇവിടെയാണ്. എല്ലാ അർത്ഥത്തിലും മലയാള സിനിമാ പ്രവർത്തകർക്ക് ഭാഗ്യം വിളമ്പിയ'തറവാട് " ആയിരുന്നു നിളാതീരത്തെ പൊതുമരാമത്ത് വകുപ്പിന്റെ വിശ്രമ മന്ദിരം. മദിരാശിയിലെ പ്രശസ്തമായ സ്വാമീസ് ലോഡ്ജ് പോലെ മലയാള സിനിമാ പ്രവർത്തകർ പഴയ കാലത്ത് ഒത്തുകൂടിയിരുന്ന സ്ഥലം.
സിനിമ താരങ്ങൾ മാത്രമല്ല, കെ.ആർ.നാരായണൻ, പി.വി. നരസിംഹറാവു ഇ.എം.എസ്,കെ.കരുണാകരൻ, നായനാർ, വി.എസും പിണറായി വിജയനും വരെ താമസിച്ച ചരിത്രമുണ്ട് ഷൊർണൂർ പി.ഡബ്ലിയു.ഡി.റസ്റ്റ് ഹൗസിന്.
ലോഹിയുടെ ഒന്നാം നമ്പർ മുറി
ഇവിടത്തെ ഒന്നാം നമ്പർ മുറി ലോഹിതദാസിന്റെ പ്രശസ്തിയിൽ ഇഴചേർന്നതാണ്. ലോഹിയുടെ ഏറ്റവും പ്രിയപ്പെട്ട 'എഴുത്തുപുര " ആയിരുന്നു ഈ മുറി. കഥകൾക്കായി ലോഹി തന്റെ മനസിനോട് കലഹിച്ചതും, തപസനുഷ്ഠിച്ചതും, അസ്വസ്ഥനായതും, ആഹ്ലാദിച്ചതും ,സൂപ്പർ ഹിറ്റ് കഥകളിൽ ചിലത് ഒരുക്കിയതുമെല്ലാം ഇതിനുള്ളിലിരുന്നായിരുന്നു. ലോഹിയുടെ സ്മരണകളാലാണ് ഇന്നും ഈ മുറി ഉറങ്ങുന്നതും ഉണരുന്നതും.
ആറാം നമ്പറിൽ സത്യൻ അന്തിക്കാട്
സംവിധായകൻ സത്യൻ അന്തിക്കാടിന് ഇഷ്ടം ആറാം നമ്പർ മുറിയാണ്. 'മനസിനക്കരെ "യിലെ ഷീലയുടെ കഥാപാത്രമടക്കം അദ്ദേഹത്തിന്റെ പല സിനിമകളുടെയും നിർണ്ണായക മുഹൂർത്തങ്ങൾ പിറന്നത് ഇവിടെയാണ്. ലോഹിതദാസുമായുള്ള സൗഹൃദമാണ് സത്യൻ അന്തിക്കാടിനെ റസ്റ്റ് ഹൗസ് ആരാധകനാക്കിയത്. ലോഹിയുടെ മരണത്തോടെ നിളാതീരത്തേക്ക് വരാൻ തനിയ്ക്ക് മനസ് വരാറില്ലെന്ന് സത്യൻ അന്തിക്കാട് പറയുന്നു.
അഞ്ചിൽ രജനികാന്ത്
റസ്റ്റ്ഹൗസിലെ അഞ്ചാം നമ്പർ മുറി സൂപ്പർ താരപരിവേഷം പേറുന്നതാണ്. സാക്ഷാൽ രജനികാന്ത് എട്ട് ദിവസം താമസിച്ചത് ഈ മുറിയിലാണ്. 'മുത്തു "എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിന് എത്തിയ സമയത്തായിരുന്നു രജനിയുടെ ഇവിടത്തെ വാസം.
മമ്മൂട്ടി റൂം നമ്പർ- 7,
മോഹൻലാൽ റൂം നമ്പർ -3
നമ്പർ 20 മദ്രാസ് മെയിലിന്റെ ചിത്രീകരണത്തിനെത്തിയ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും, മോഹൻലാലും താമസിച്ചത് ഇതേ റസ്റ്റ്ഹൗസിലായിരുന്നു.മമ്മൂട്ടി മുകൾ നിലയിലെ ഏഴാം നമ്പർ മുറി സ്വീകരിച്ചപ്പോൾ, മോഹൻലാൽ താഴത്തെ മൂന്നാം നമ്പർ മുറിയാണ് കരസ്ഥമാക്കിയത്.ദേവാസുരം, ഭൂതക്കണ്ണാടി എന്നിവയുടെ ചിത്രീകരണ വേളയിലും മോഹൻലാലും മമ്മൂട്ടിയും ഇവിടെ തങ്ങിയിരുന്നു.'ശ്രീകൃഷ്ണ പരുന്തി "ന്റെ ചിത്രീകരണ കാലത്ത് മോഹൻലാൽ ബാലൻ കെ.നായർക്കൊപ്പവും മുറി പങ്കിട്ടിരുന്നു.
'ദേവാസുര "വും, 'മീശ മാധവ "നും
പിറന്ന ഏഴാം നമ്പർ മുറി
'ദേവാസുര "കഥയാടാൻ ഐ.വി.ശശി തിരഞ്ഞെടുത്ത വള്ളുവനാടൻ മണ്ണ് തന്നെയാണ് രഞ്ജിത് മംഗലശ്ശേരി നീലകണ്ഠനടക്കമുള്ള കഥാപാത്രങ്ങൾക്ക് ജന്മം നൽകാൻ തിരഞ്ഞെടുത്തതും. രഞ്ജൻ പ്രമോദിൽ നിന്ന് 'മീശ മാധവൻ" പിറന്ന് വീണതും ഈ മുറിയുടെ വിശാലതയിലും, ഏകാന്തതയിലുമാണ്.
താരങ്ങളുടെ അരങ്ങേറ്റം
മഞ്ജു വാര്യർ, സംയുക്ത വർമ്മ, മീര ജാസ്മിൻ, ലക്ഷ്മി ഗോപാലസ്വാമി, മുക്ത, കലാഭവൻ മണി, ഉണ്ണി മുകുന്ദൻ എന്നീ പല പ്രമുഖ താരങ്ങളുടെയും സിനിമയിലേക്കുള്ള ആദ്യ കാൽവയ്പ്പിൽ അനുഗ്രഹമായത് റസ്റ്റ്ഹൗസാണ്. ലോഹിതദാസ് സിനിമയിലെത്തിച്ച ഇതിലെ മിക്കവരും ഒാഡീഷനെത്തിയത് ഇവിടെയായിരുന്നു.
രവീന്ദ്രസംഗീതം പിറന്ന് വീണ ഇടം
കൈതപ്രത്തിന്റെ വരികൾക്ക് ഈണം കണ്ടെത്താൻ രവീന്ദ്രൻ മാഷിനും മറ്റെവിടെയും പോകേണ്ടി വന്നില്ല. കൈതപ്രം ,ഗിരീഷ് പുത്തഞ്ചേരി എന്നിവർ വരികൾക്കായി റസ്റ്റ് ഹൗസ് വരാന്തയിലിരുന്ന കഥയും,രവീന്ദ്രൻ- ജോൺസൺ-ഔസേപ്പച്ചൻ എന്നീ സംഗീത സംവിധായകർ ഈണങ്ങൾ തേടി റസ്റ്റ് ഹൗസ് ഇടനാഴികളിലൂടെ നടന്ന കഥയും ....അങ്ങനെ അനേകം സിനിമാ കഥകൾ പറയാനുണ്ട്.
സിനിമാ തറവാട്ടിലെ ഉണ്ണി
റസ്റ്റ്ഹൗസിൽ 40 വർഷമായി സേവനമനുഷ്ഠിക്കുന്ന ഉണ്ണി സിനിമാക്കാരുടെയടക്കം പ്രിയപ്പെട്ടവനാണ്. ഈ റസ്റ്റ്ഹൗസിനൊപ്പം പേര് ചേർത്ത് വെച്ച ഉണ്ണിയെ അറിയുന്നവർ സിനിമാ- രാഷ്ട്രീയ രംഗത്ത് നിരവധിയാണ്.ലോഹിതദാസിന്റെ അകാലമരണത്തോടെ റസ്റ്റ്ഹൗസ് ബന്ധം സിനിമാലോകത്തിന് അന്യമായതായി ഉണ്ണി പറയുന്നു.നക്ഷത്ര ഹോട്ടലുകളിലേക്ക് താരങ്ങൾ ആകർഷിക്കപ്പെട്ടു.പൊതുജനങ്ങൾക്കും റസ്റ്റ്ഹൗസ് താമസ സൗകര്യത്തിന് തുറന്ന് കൊടുത്തതോടെ താരത്തിളക്കമുള്ള ഷൊർണൂർ റസ്റ്റ് ഹൗസ് തേടി അനവധി പേർ എത്തുന്നു.