epf

ന്യൂഡൽഹി: പ്രൊവിഡന്റ് ഫണ്ട് പെൻഷൻ കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ജീവനക്കാർക്ക് ഭാഗികമായി ആശ്വാസം നൽകുന്ന വിധിയാണ് ഇന്ന് ചീഫ് ‌ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിച്ചത്. ഉയർന്ന പെൻഷന് വഴിവയ്‌ക്കുന്ന 2018ലെ കേരള ഹൈക്കോടതി വിധി കോടതി ഭാഗികമായി ശരിവച്ചു. 15,000 രൂപ മേൽത്തട്ട് പരിധി വരുന്നത് കോടതി റദ്ദാക്കിയിട്ടുണ്ട്. അവസാനത്തെ 60 മാസത്തെ ശരാശരിയിൽ പെൻഷൻ കണക്കാക്കുന്നത് തുടരും. 2014 സെപ്‌തംബർ ഒന്നിന് മുൻപ് വിരമിച്ചവർക്ക് വിധിയുടെ ആനുകൂല്യം ലഭിക്കില്ല. ഉയർന്ന ശമ്പളക്കാർ 1.16 ശതമാനം വിഹിതം നൽകണമെന്ന നിർദ്ദേശവും കോടതി റദ്ദാക്കി. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധികൾക്കെതിരായ ഹർജികളിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ 2014ലെ സ‌ർക്കാർ ഉത്തരവും കോടതി പൂർണമായും റദ്ദാക്കിയില്ല. അതേസമയം പെൻഷൻ വിഹിതം കണ്ടെത്താൻ സർക്കാരിന് കോടതി ആറ് മാസത്തെ സമയം അനുവദിച്ചു. അവസാനത്തെ അഞ്ച് വർഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയാകും പെൻഷൻ നൽകുക.

ഉയർന്ന പെൻഷൻ നൽകിയാൽ വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നായിരുന്നു ഇപിഎഫിന്റെയും കേന്ദ്ര സർക്കാരിന്റെയും വാദം. ആറ് മാസം നീണ്ട വാദം ഓഗസ്‌റ്റ് 11 ന് പൂർത്തിയായിരുന്നു. ഹൈക്കോടതി വിധികൾക്കെതിരെ കേന്ദ്ര തൊഴിൽ മന്ത്രാലയവും ഇപിഎഫും നൽകിയ ഹ‌ർജികളിലാണ് ഇന്ന് നിർണായക വിധിയുണ്ടായത്. ചീഫ് ജസ്‌റ്റിസ് യു.യു ലളിത്, ജസ്‌റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.