മഹാകവി ടാഗോർ ഇപ്രകാരം കുറിച്ചു .ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചു വരികയാണ്. ഇതിനിടയ്ക്ക് പല സിദ്ധന്മാരെയുംമഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ശ്രീനാരായണഗുരുവിനെക്കാൾ ആദ്ധ്യാത്മികമായി ഉയർന്ന മറ്റൊരാളെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല

മഹാകവി രവീന്ദ്രനാഥ ടാഗോറും ശ്രീനാരായണ ഗുരുദേവനും ശിവഗിരിയിൽ ഒരുമിച്ചിരുന്നതിന്റെ ശതാബ്ദിസ്മരണയിലാണ് നാം. 1922 ലെ നവംബർ 15 ന് ശിവഗിരിയിലെ വൈദികമഠത്തിലായിരുന്നു ആ ചരിത്രമുഹൂർത്തത്തിന്റെ പിറവി. ബംഗാളിന്റെ ഗുരുദേവ് ആയ മഹാകവി രവീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുദേവനെ ശിവഗിരിയിൽ വന്നു കണ്ടതിന്റെ ശതാബ്ദിസ്മരണ നമ്മുടെ മനമലരിൽ തെളിയുമ്പോൾ ആ ഗുരുക്കന്മാർ അന്നു പങ്കുവച്ച ആശയങ്ങളുടെയും ആശങ്കയുടെയും ആകെത്തുകയിൽ എത്ര സ്വാംശീകരിക്കാനായി നമുക്കെന്ന ചിന്ത എത്രപേർക്കുണ്ടാവും.
ഈ സമാഗമത്തിന് അവസരമുണ്ടാക്കിയത് അന്ന് ആലുവാ അദ്വൈതാശ്രമത്തിൽ അന്തേവാസിയായിരുന്നഡോ. പല്പുവിന്റെ പുത്രൻ നടരാജനായിരുന്നു (പിൽക്കാലത്തെ നടരാജഗുരു). വിശ്വഭാരതി സർവകലാശാലയുടെ ധനശേഖരണാർത്ഥം ടാഗോർ ദക്ഷിണേന്ത്യ സന്ദർശിക്കുന്നതായ ഒരു വാർത്ത ആയിടെ പത്രത്തിൽ വരികയുണ്ടായി. അതു ശ്രദ്ധയിൽപ്പെട്ട നടരാജൻ ഗുരുവിന്റെ അനുവാദത്തോടെ ഉടനെതന്നെ മഹാകവിയുടെ സന്തതസഹചാരിയായ ദീനബന്ധു സി.എഫ്.ആൻഡ്രൂസിന് ഒരു കത്തെഴുതി. മറുപടിക്കായുള്ള സ്റ്റാമ്പും അതിൽ വച്ചിരുന്നു. വൈകാതെ മഹാകവിയുടെ സമ്മതം വന്നു. അങ്ങനെ ആലുവ അദ്വൈതാശ്രമത്തിൽ വച്ചു കൂടിക്കാണുന്നതിനുള്ള ദിവസവും നിശ്ചയിച്ചു. എന്നാൽ മഹാകവിക്ക് പെട്ടെന്ന് അനാരോഗ്യം പിടിപെട്ടതിനാൽ അന്നത് നടന്നില്ല. ആ കൂടിക്കാഴ്ച പിന്നീട് ശിവഗിരിയിലേക്കു മാറ്റുകയായിരുന്നു
ടാഗോറിന്റെ ശിവഗിരി സന്ദർശനത്തെക്കുറിച്ചുള്ള വാർത്ത അന്നത്തെ പത്രങ്ങളിലൊക്കെ വലുതായി അച്ചടിച്ചു വന്നു. ഈ വിവരം അറിഞ്ഞും പറഞ്ഞും ധാരാളം ജനങ്ങൾ അന്നേ ദിവസം ശിവഗിരിയിൽ തടിച്ചുകൂടി. മഹാകവിയെ സ്വീകരിക്കുന്നതിനു വലിയ ഒരുക്കങ്ങളായിരുന്നു.ശിവഗിരി കവാടവും പ്രധാന വഴിയുമൊക്കെ ഭംഗിയായി അലങ്കരിച്ചിരുന്നു. എന്നാൽ തലേന്ന് പെയ്ത കനത്ത മഴയുടെ കെടുതിയിൽപ്പെട്ട് ശിവഗിരി യിലേക്കുള്ളറോഡിന് ചില്ലറകേടുപാടുകൾ സംഭവിച്ചു.ഡോ.പല്പുവിന്റെ രണ്ടു പെൺമക്കൾ പാചകകലയിൽ സമർത്ഥരായിരുന്നതിനാൽ അവരായിരുന്നു മഹാകവിക്കും കൂട്ടർക്കുംഭോജ്യങ്ങൾ തയ്യാറാക്കിയിരുന്നത്. ഗുരുവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമായിരുന്നു ഇത്.
അന്നുച്ചയ്ക്കു മുൻപുതന്നെ ടാഗോറും കൂട്ടരും തിരുവനന്തപുരത്തു നിന്നും കാറിൽ ആറ്റിങ്ങൽ ടി.ബി.യിൽ വന്നുചേർന്നു. പക്ഷെ ആരൊക്കെയോ ശിവഗിരിയിലേക്കുള്ള ഗതാഗതം തലേന്നത്തെ മഴയിൽതാറുമാറായതായി മഹാകവിയുടെ സംഘത്തെ ധരിപ്പിച്ചു. അതേത്തുടർന്ന് ശിവഗിരി സന്ദർശനം മഹാകവി ഉപേക്ഷിച്ചതായുള്ള ഒരറിയിപ്പ് ശിവഗിരിയിൽ കിട്ടി. അതോടെ അവിടെ ഉത്സാഹത്തോടെ തിങ്ങിക്കൂടിയിരുന്നവരെല്ലാം പെട്ടെന്നു നിരാശരായി. ആനകളുടെ അകമ്പടിയോടെഘോഷയാത്രയായി സ്വീകരിക്കുവാൻ കാത്തുനിന്ന സംന്യാസിമാരും എസ്.എൻ.ഡി.പി.യോഗംനേതാക്കന്മാരും മറ്റും മ്ലാനവദരരായി.
ഈനേരത്ത് പുറത്ത് നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ ഗുരു വൈദിക മഠത്തിനുള്ളിലേക്ക് കയറി വാതിലടച്ചു. ഇതുകൂടി കണ്ടപ്പോൾ ഇനി ടാഗോർ ശിവഗിരിയിൽ എത്തില്ലെന്നു ധരിച്ചു അവിടെ കൂടി നിന്നിരുന്ന കറേപ്പേരൊക്കെ മടങ്ങിപ്പോയി. ഇതെല്ലാം കണ്ടുംകേട്ടും അവിടെ നിന്നിരുന്ന രാമാനുജം എന്നൊരാൾ ഉടനെ തന്റെ കാറിൽ ആറ്റിങ്ങലിലെത്തി ടാഗോറിനെ നേരിട്ടു കാണാമെന്ന് കൂടിയാലോചനകൾ നടത്തിക്കൊണ്ടിരുന്നവരോട് പറഞ്ഞു. ഇത് എല്ലാവർക്കും സ്വീകാര്യമായി. അക്കാലത്ത് ശിവഗിരിക്കടുത്തുള്ള ശ്രീനിവാസപുരം കക്കളത്തുകുന്നിലെ ഉദാരശിരോമണി പത്മനാഭറാവുവിന്റെ വക ബംഗ്ലാവിൽ താമസിക്കുകയായിരുന്നു രാമാനുജം. ഗുരുവിൽ വലിയ ഭക്തിയും ബഹുമാനവും ഉള്ളയാളായിരുന്നു അദ്ദേഹം.
അധികം വൈകാതെതന്നെ രാമാനുജം ശിവഗിരിയിലെ ചില പ്രധാനപ്പെട്ടവരുമൊത്ത് ആറ്റിങ്ങൽ ടി.ബി.യിലെത്തി വിവരമാരാഞ്ഞു. ശിവഗിരിയിലേക്കുള്ളറോഡ് ഗതാഗതയോഗ്യമല്ലായ്കയാൽ മഹാകവി അവിടേക്ക് വരുന്നില്ലെന്ന മറുപടിയാണ് അവർക്ക് കിട്ടിയത്. എങ്കിലും പ്രതീക്ഷ കൈവിടാതെ അവർ സി.എഫ്. ആൻഡ്രൂസിനെ കണ്ട് ആഗമനോദ്ദേശ്യം വെളിപ്പെടുത്തി. ശിവഗിരിയിൽ നിന്നും കാറിലാണ് തങ്ങളിപ്പോൾ ഇവിടേക്കു വന്നതെന്നും റോഡിനു അത്രമാത്രം കെടുതി സംഭവിച്ചിട്ടില്ലെന്നും മറ്റുമുള്ള അവരുടെ പ്രസ്താവം മഹാകവിയുടെ കാതിലുമെത്തി. അതോടെ വൈകാതെ ശിവഗിരിയിലേക്ക് പുറപ്പെടാമെന്ന തീരുമാനമുണ്ടായി. ആ സന്തോഷവർത്തമാനവുമായി രാമാനുജവും സംഘവും കഴിയുന്നത്രവേഗത്തിൽ ശിവഗിരിയിലെത്തി.
ഗുരു കതകടച്ചിരിക്കുന്ന വൈദികമഠത്തിലെ മുറിക്കു മുന്നിലുള്ള വരാന്തയിൽ മൂന്നു ചാരുകസേരകൾ കൊണ്ടുവന്നിട്ടു. സ്വാമി ശിവപ്രസാദിന്റെയുംഡോ. പല്പുവിന്റെയും എൻ.കുമാരന്റെയുംനേതൃത്വത്തിൽ നെറ്റിപ്പട്ടം കെട്ടിയ മൂന്നു ആനകളോടുകൂടി ഒരു സംഘം മഹാകവിയെ സ്വീകരിക്കുവാൻ വർക്കല മൈതാനത്തേക്ക് തിരിച്ചു.ഏതാണ്ട് രണ്ടു മണിയോടെ വർക്കലയിലെ മുസാവരി ബംഗ്ലാവിലെത്തിച്ചേർന്ന ടാഗോറിനെയും കൂട്ടരെയും അവർ യഥോചിതം വരവേറ്റു. അവിടെ നിന്നും ഒരുഘോഷയാത്രയുടെ അകമ്പടിയോടെ അതിഥികളെ ശിവഗിരിയിലേക്കാനയിച്ചു. ടാഗോറിനെ ഒരു പല്ലക്കിൽ ഇരുത്തിയാണ് കൊണ്ടുപോയത്.
ശിവഗിരി കവാടത്തിനടുത്തുകൂടിയൊഴുകുന്ന ചെറിയൊരുതോടിനിപ്പുറമെത്തിയപ്പോൾ ടാഗോർ പല്ലക്കിൽ നിന്നുമിറങ്ങി കാൽനടയായി മഠത്തിനുള്ളിലേക്ക് പ്രവേശിച്ചു.
ഈ നേരമെല്ലാം ഗുരു വൈദികമഠത്തിനുള്ളിൽ ധ്യാനത്തിലായിരുന്നു. അതിനാൽ ഈ വിവരംകേട്ടിട്ടും മഹാകവി കുമാരനാശാനോ മറ്റാരെങ്കിലുമോ ഗുരുവിനെ ആ വിവരമറിയിക്കുവാൻ മുതിർന്നില്ല. എങ്കിലും വൈദികമഠത്തിന്റെ വാതിൽ അടഞ്ഞു കിടക്കുന്നതിൽ അവരെല്ലാം ഒരുപോലെ ആശങ്കപ്പെട്ടു. അല്പനേരത്തിനുള്ളിൽ അതിഥികൾ ശാരദാമഠത്തിന് സമീപം കൂടി നടന്നു വൈദികമഠത്തിന്റെ മുറ്റത്തെത്തി. ടാഗോർ ആ മന്ദിരത്തിന്റെ പടിയിലേക്ക് കാലുവച്ചതും അടഞ്ഞുകിടന്നിരുന്ന വാതിൽ തുറന്നു ഗുരു പുറത്തേക്കു വന്നതും ഒന്നിച്ചായിരുന്നു. ഈ രംഗം എല്ലാവരെയും അത്ഭുതപ്പെടുത്തി.
ഒരു വെളുത്ത വസ്ത്രം തലയിലൂടെയിട്ടു കഴുത്തും ചുമലും ചുറ്റിയ നിലയിൽ ഇറങ്ങിവന്ന ഗുരുവിന്റെ മുഖകാന്തിയിലേക്കുനോക്കി ടാഗോർ പ്രസന്നചിത്തനായി കൈകൾ കൂപ്പി ഗുരുവിനെ വന്ദിച്ചു. ഒപ്പമുള്ള ആൻ ഡ്രൂസും അതുപോലെ ഗുരുവിനെ വണങ്ങി. അപ്പോൾ ഗുരുവിൽ നിന്നും ഹൃദയംഗമമായ പ്രതിവന്ദനമുണ്ടായി.
വൈദികമഠത്തിന്റെ വരാന്തയായിരുന്നു കൂടിക്കാഴ്ചയ്ക്കുള്ളവേദി. ഒരന്തേവാസി വന്നു ടാഗോറിനും ഗുരുദേവനും കർപ്പൂരാരതിയുഴിഞ്ഞു. കിഴക്കോട്ടഭിമുഖമായി ഇട്ടിരുന്ന കസേരകളിലേക്കു കൈനീട്ടി ഇരിക്കാമെന്ന് ഗുരു ആംഗ്യഭാഷയിൽ പറഞ്ഞു. ടാഗോറും ആൻഡ്രൂസും അടുത്തടുത്തായി ഇരുന്നു. വടക്കോട്ടഭിമുഖമായി ഇട്ടിരുന്ന കസേരയിൽ ഗുരുവും ഇരിപ്പായി. പ്രണാമത്തിന്റെ മന്ദഹാസവും പ്രണവത്തിന്റെ ഉണർവും ഒന്നുചേർന്ന ആ മുഹൂർത്തം കണ്ടുനിന്നവരിലെല്ലാം ഒരാനന്ദത്തിരയൊഴുക്കി.
ഗുരുവിനരികിൽ അപ്പോൾ നിന്നിരുന്നത് സ്വാമി ശിവപ്രസാദും മഹാകവി കുമാരനാശാനുംഡോ.പല്പുവും അക്കാലത്ത് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറിയായിരുന്ന എൻ.കുമാരനുമായിരുന്നു. മഹാകവി കുമാരനാശാനായിരുന്നു ദ്വിഭാഷി.
അതിഥിയങ്ങെന്നാലും ഞങ്ങൾതന്നിന്ദ്രിയങ്ങൾ ക്കതിസൽക്കാരംചെയ്തുതേനൊഴുക്കിനാൽഭവാൻ.... എന്നിങ്ങനെ തന്റെ സ്നേഹാദരങ്ങൾ മറയില്ലാതെ പ്രകാശിപ്പിക്കുന്ന ആശാന്റെ ദിവ്യകോകിലം അഥവാ ടാഗോർമംഗളം ഈ സന്ദർഭത്തിൽ പിറന്നതാണ്.
ആശ്രമത്തിന്റെ വിശുദ്ധിയിലും ഗുരുവിന്റെ പാവനതയിലും ലയിച്ചിരിക്കുകയായിരുന്ന ടാഗോറിന്റെ നയനങ്ങൾ ഗുരുവിന്റെ യോഗനയനങ്ങളിലെ ഏകാന്തതയെ പരതിയപ്പോൾ ഗുരു പറഞ്ഞു സംഭാഷണം സംസ്കൃതത്തിലാകാമല്ലോ.
കുമാരനാശാൻ അത് തർജ്ജമ ചെയ്തു ടാഗോറിനെ ധരിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു ബംഗാളി കലർന്ന സംസ്കൃതമേ എനിക്ക് വശമുള്ളു.
അതിനു മറുപടിയെന്നോണം ഗുരു ടാഗോറിനെ നോക്കി പറഞ്ഞു എങ്കിൽ തർജ്ജമയാകട്ടെ.
ഇരുവരുമൊന്നു പുഞ്ചിരിച്ചു.അപ്പോഴേക്കും വിശിഷ്ടമായി തയ്യാറാക്കപ്പെട്ടിരുന്ന ഏതാനുംഭോജ്യങ്ങളും നുറുക്കിവച്ച തെങ്ങിൻമണ്ടയും ഇളം കരിക്കും അവിടെ വന്നുചേർന്നു. അതിഥികൾക്ക് ആ സൽക്കാരം ഏറെ ഇഷ്ടമായി.
മടങ്ങുംമുൻപ് മഹാകവി കുമാരനാശാൻ ഒരു ഡയറി തുറന്നു നീട്ടി. അതിൽ മഹാകവി ടാഗോർ ഇപ്രകാരം കുറിച്ചു .'ഞാൻലോകത്തിന്റെ പല ഭാഗങ്ങളിലും ചുറ്റിസഞ്ചരിച്ചു വരികയാണ്. ഇതിനിടയ്ക്ക് പല സിദ്ധന്മാരെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്. എന്നാൽ മലയാളത്തിലെ ശ്രീനാരായണഗുരുവിനെക്കാൾ ആദ്ധ്യാത്മികമായി ഉയർന്ന മറ്റൊരാളെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് തുല്യനായ ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഈശ്വര ചൈതന്യം തുളുമ്പുന്ന ആ മുഖതേജസും അനന്തതയിലേക്ക് നീണ്ടിരിക്കുന്ന അദ്ദേഹത്തിന്റെയോഗനയനങ്ങളും മറ്റു വൈശിഷ്ട്യങ്ങളും ഒരുകാലത്തും എനിക്ക് വിസ്മരിക്കാനാവില്ലെന്നുറപ്പാണ്.'
ശ്രീരാമകൃഷ്ണപരമഹംസന്റെയും സ്വാമി വിവേകാനന്ദന്റെയും നാട്ടിൽനിന്നുമെത്തിയ മഹാകവി ടാഗോറിന്റെ ഒരു നൂറ്റാണ്ടു മുൻപുള്ള ഈ നിരീക്ഷണത്തിലേക്ക് നമ്മൾ മലയാളികൾ എന്നാണാവോ എത്തുക.