byju

ന്യൂഡൽഹി: ലോകത്തെ തന്നെ പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി അർജന്റീനിയൻ ഫുട്ബാൾ താരം ലയണൽ മെസിയെ തിരഞ്ഞെടുത്തു. ഇതുമായി ബന്ധപ്പെട്ട കരാറിൽ അദ്ദേഹം ഒപ്പുവച്ചു. എല്ലാവർക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യൽ ഇനിഷ്യേറ്റീവ് ബ്രാൻഡ് അംബാസിഡറായിട്ടാണ് മെസിയെ നിയോഗിച്ചിരിക്കുന്നത്.ബൈജൂസിന്റെ ജഴ്സിയും ധരിച്ച് ഖത്തർ ലോകകപ്പിന് ഉപയോഗിക്കുന്ന പന്തുമായി നിൽക്കുന്ന മെസിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർ കൂടിയാണ് ബൈജൂസ്.

'ഞങ്ങളുടെ ഗ്ലോബൽ അംബാസിഡർ എന്ന നിലയിൽ മെസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ആവേശവും അഭിമാനവുമുണ്ട്. നിലവിൽ ബൈജൂസ് ശാക്തീകരിച്ചുകൊണ്ടിരിക്കുന്ന 5.5 മില്യൺ കുട്ടികൾക്ക് അവസരം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ബൈജൂസിന്റെ ബ്രാൻഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയുടെ പ്രതിഭയാണ് ലയണൽ മെസി. എക്കാലത്തെയും മികച്ച കളിക്കാരനാണ്. കാര്യങ്ങൾ മനസിലാക്കുന്നതിൽ മികവുള്ള വ്യക്തികൂടിയാണ് അദ്ദേഹം. ഈ പങ്കാളിത്തം ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിനുപേരെ വലിയ സ്വപ്നം കാണാൻ പ്രേരിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- കരാർ വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുൽ നാഥ് പറഞ്ഞു.

'ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ജീവിതത്തെ മാറ്റും. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ബൈജൂസ് കരിയർ വെട്ടിത്തെളിച്ചു. വിദ്യാർത്ഥികൾക്ക് ഉയരങ്ങൾ കീഴടക്കാൻ പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'-ഇതായിരുന്നു മെസിയുടെ പ്രതികരണം.