arvind-kejriwal

അഹമ്മദാബാദ് : ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പ്രചരണ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടികൾ ശ്രമം തുടങ്ങി. പഞ്ചാബ് മോഡലിൽ ഗുജറാത്തിലും ഭരണം പിടിച്ചെടുക്കാൻ തയ്യാറെടുക്കുന്ന ആം ആദ്മി പാർട്ടി ഇന്ന് അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഗുജറാത്തിലെ അഹമ്മദാബാദിൽ വച്ച് നടക്കുന്ന പരിപാടിയിൽ ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാളാകും തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. പാർട്ടി നേതാക്കളായ ഇസുദിൻ ഗദ്‌വിയോ, ഗോപാൽ ഇറ്റാലിയയോ ആവും ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവുക എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനങ്ങളാണ് നേതാവിനെ തിരഞ്ഞെടുക്കുന്നത് എന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

പാട്ടിദാർ സമുദായത്തിൽ നിന്നുള്ള ഗോപാൽ ഇറ്റാലിയ, സമുദായത്തിന് സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധച്ചടങ്ങിലെ മുഖ്യ നേതാവായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന് കണക്ക് കൂട്ടുന്ന മറ്റൊരു നേതാവായ ഇസുദിൻ ഗദ്‌വി മുതിർന്ന മാദ്ധ്യമപ്രവർത്തകനാണ്. ഗുജറാത്തികൾക്ക് ഏറെ പരിചിതനുമാണ്.

ഗുജറാത്തിൽ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. ഇതിൽ 92 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഒന്നാം ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും നടത്തും.

തിരഞ്ഞെടുപ്പ് പ്രചരണം ഊർജ്ജിതമാക്കുന്നതിനായി ശനിയാഴ്ച മുതൽ റോഡ് ഷോകൾ ആരംഭിക്കുവാനാണ് ആം ആദ്മി പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അരവിന്ദ് കേജ്രിവാൾ നേരിട്ട് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യും. ദിവസവും രണ്ടോ മൂന്നോ റോഡ് ഷോകൾ നടത്തും. രാഷ്ട്രീയ വിദഗ്ദ്ധർ നൽകുന്ന വിവരമനുസരിച്ച് സംസ്ഥാനത്ത് ഇക്കുറി ത്രികോണ പോരാട്ടം കടുപ്പമേറിയതാവും. എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലായിരിക്കും മത്സരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപേ സംസ്ഥാനത്ത് ആം ആദ്മി പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കിയിരുന്നു. ജൂണിൽ വീടുവീടാന്തരമുള്ള പ്രചരണങ്ങൾ ആരംഭിച്ചു.


ഹിന്ദുത്വ നമ്പരുകൾ

2014ൽ വാരാണസിയിൽ തോൽവി ഉറപ്പായിട്ടും നരേന്ദ്രമോദിക്കെതിരെ മത്സരിച്ച് ശ്രദ്ധനേടിയ അരവിന്ദ് കേജ്രിവാളും ആംആദ്മി പാർട്ടിയും അതേ ആക്രമണോത്സുകതയാണ് ഗുജറാത്തിലും കാട്ടുന്നത്. തങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയുടെ ബി ടീം എന്ന് കോൺഗ്രസ് ആരോപിക്കുമ്പോഴും കറൻസി നോട്ടുകളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം പതിക്കണമെന്നതടക്കം അങ്ങേയറ്റം 'ഹിന്ദുത്വ നമ്പരുകൾ' ഇറക്കി വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാൻ കേജ്രിവാളിനും കൂട്ടർക്കും കഴിഞ്ഞിട്ടുണ്ട്.

പഞ്ചാബിൽ അധികാരം പിടിച്ച ആംആദ്മിയെ നിസാരമായി കാണാൻ ബി.ജെ.പിയും തയ്യാറല്ല. ഡൽഹിയിലെ മദ്യനയത്തിന്റെ പേരിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ഹാവാലാ ഇടപാടിന്റെ പേരിൽ മന്ത്രി സത്യേന്ദ്ര ജെയിനിനെയും നിയമക്കുരുക്കിലാക്കിയ കേന്ദ്ര നടപടിയിൽനിന്ന് അതുവ്യക്തമാണ്. ഗുജറാത്തിൽ ഗ്രാമങ്ങളിലടക്കം ആംആദ്മി പാർട്ടി വേരോട്ടമുണ്ടാക്കിയത് 2021ലെ തദ്ദേശതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു.