
തിരുവനന്തപുരം: നിർണായകമായ യോഗത്തിൽ ഗവർണർക്കെതിരെ നിലപാട് ആവർത്തിച്ച് കേരള സർവകലാശാല സെനറ്റ്. വൈസ് ചാൻസിലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് സെനറ്റ് വീണ്ടും പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച് ഓഗസ്‌റ്റ് മാസത്തിൽ പാസാക്കിയ പഴയ പ്രമേയത്തിൽ ഭേദഗതി വരുത്തി.
ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയ്‌ക്ക് നിയമപരമായി നിലനിൽപ്പില്ലെന്നും ഇതിനായുളള നോട്ടിഫിക്കേഷൻ പിൻവലിക്കണമെന്നുമാണ് സെനറ്റ് ഗവർണറോട് അഭ്യർത്ഥിച്ചത്. പകരം നിയമപരമായി സെർച്ച് കമ്മിറ്റി രൂപീകരിക്കണം. കേരള സർവകലാശാല സെനറ്റിലെ 50 ഇടതുപക്ഷ അംഗങ്ങളും ഇത് അംഗീകരിച്ചു. ഏഴുപേർ എതിർത്തു. പ്രമേയം ചാൻസിലർക്ക് എതിരല്ലെന്നും നോട്ടിഫിക്കേഷന് എതിരാണെന്നുമാണ് സെനറ്റ് അംഗങ്ങളുടെ വാദം. ഗവർണർ സെർച്ച് കമ്മിറ്റിയെ പിൻവലിച്ചാൽ മാത്രമേ പ്രതിനിധിയെ സെനറ്റ് നിർദ്ദേശിക്കൂ. ഇക്കാര്യത്തിൽ കോടതി പറയും പോലെ കേൾക്കുമെന്നാണ് സെനറ്റ് അംഗങ്ങൾ അറിയിച്ചത്.
അതേസമയം സർവകലാശാലകളിലെ എല്ലാ അനധികൃത നടപടികളും താൻ ചോദ്യം ചെയ്‌തതായും ഇതോടെ സമാന്തര സർക്കാരുണ്ടാക്കിയെന്ന് ആരോപണം ഉയർന്നതായും ഗവർണർ മുൻപ് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരാണ് യോഗ്യത ഇല്ലാത്തവരെ നിയമിക്കാൻ വിസിമാരോട് ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയെ നന്നാക്കാൻ തുനിയുന്നവർ അയോഗ്യരായ സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അടുത്ത ബന്ധുവിനെ കണ്ണൂർ സർവകലാശാലയിൽ നിയമിക്കാൻ ശുപാർശ ചെയ്തില്ലേ.ജനങ്ങൾ ജോലിക്കായി അലയുമ്പോളാണ് മന്ത്രിമാർ 50ലേറെ പേഴ്സണൽ സ്റ്റാഫിനെ നിയമിച്ച് രണ്ടുവർഷം കഴിയുമ്പോൾ പെൻഷൻ നൽകുന്നതെന്നും ഗവർണർ കഴിഞ്ഞ ദിവസം ചോദിച്ചു.