
മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ വരുന്ന റിലയൻസ് റീട്ടെയിൽ രാജ്യത്തെ സലൂൺ ബിസിനസിലും കണ്ണ് വയ്ക്കുന്നതായി റിപ്പോർട്ട്. നാച്ചുറൽസ് സലൂൺ ആൻഡ് സ്പായുടെ 49% ഓഹരികൾ റിലയൻസ് റീട്ടെയിൽ വാങ്ങുമെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഓഹരികൾ സ്വന്തമാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ചർച്ചകൾ നടക്കുന്നതായി നാച്ചുറൽസിന്റെ ചീഫ് എക്സിക്യൂട്ടീവ് സി കെ കുമാരവേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് നാച്ചുറൽസ്. ഗ്രൂം ഇന്ത്യ സലൂൺസ് ആൻഡ് സ്പായാണ് നിലവിൽ രാജ്യത്തെ എഴുന്നൂറിലധികം സലൂണുകളുടെ നടത്തിപ്പുകാർ.
അതേസമയം സലൂൺ ബിസിനസിലേക്ക് പ്രവേശിക്കുന്ന റിലയൻസ് നാച്ചുറൽസ് സ്പാ ഇടപാടിന് എത്ര രൂപയാണ് മുടക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ചെന്നൈ ആസ്ഥാനമാക്കി നാച്ചുറൽസ് സലൂണുകൾ പിറവിയെടുക്കുന്നത്. 2025ഓടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,000 സലൂണുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാനാണ് തയ്യാറെടുക്കുന്നത്. നാച്ചുറൽസിന്റെ ഓഹരികൾ സ്വന്തമാക്കുന്നതിനൊപ്പം എൽ വി എം എച്ച് ഉടമസ്ഥതയിലുള്ള ബ്യൂട്ടി ശൃംഖലയായ സെഫോറയുടെ ഇന്ത്യൻ ബിസിനസ് സ്വന്തമാക്കുന്നതിനും റിലയൻസ് ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
സലൂണുകളുടെ പ്രവർത്തനം കൊവിഡ് കാലഘട്ടത്തിൽ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയത്. ഇക്കാലയളവിൽ സർക്കാരിന്റെ സഹായം നാച്ചുറൽസിന്റെ സിഇഒ കുമാരവേൽ തേടിയിരുന്നു. എന്നാൽ കൊവിഡ് മുക്തമായി ആളുകൾ പുറത്തേയ്ക്കിറങ്ങുകയും, മിക്ക ഓഫീസുകളും വർക്ക് ഫ്രം ഹോം അവസാനിക്കുകയും ചെയ്തതോടെ സലൂണുകളും, സ്പാകളും വീണ്ടും സജീവമായി.