vd-satheesan

സുൽത്താൻബത്തേരി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെയും സി പി എമ്മിന്റെയും നയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇതിൽ ഇരകളാകുന്നത് കേരളത്തിലെ വിദ്യാർത്ഥികളാണെന്നും സുൽത്താൻബത്തേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിക്ക് എതിരായാണ് സർക്കാരും സി പി എമ്മും പ്രവത്തിക്കുന്നതെന്നും അദ്ദേഹം ആരോപിക്കുകയും ചെയ്തു.

'കേരള സർവകലാശാലയിലെ വി സി നിയമനത്തിനായി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കാൻ ഇന്നും സെനറ്റ് തയ്യാറായിട്ടില്ല. സി പി എമ്മിന്റെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരമാണിത്. സി പി എമ്മും സർക്കാരും കേരള സർവകലാശാലയ്ക്ക് വി സി വേണ്ട എന്ന നിലപാടിലേക്കാണ് പോകുന്നത്. സുപ്രീംകോടതി വിധിയെത്തുടർന്നാണ് സാങ്കേതിക സർവകലാശാലയിലെ വിസിക്ക് സ്ഥാനം ഒഴിയേണ്ടിവന്നത്. അവിടെ പുതിയ ഒരു വിസിയെ നിയമിക്കുന്നതുവരെ ഒരാളെ താത്കാലികമായി ചാൻസലർക്ക് നിയമിക്കേണ്ടിവരും. അക്കാഡമിക് യോഗ്യതയുള്ള ഒരാളെ താൽക്കാലിക ചുമതലയിൽ വച്ചിട്ടും അവരെ അകത്ത് കയറ്റാതെ എസ് എഫ് ഐയുടെയും സി പി എം അനുകൂല സർവീസ് സംഘടനകളുടെയും പ്രതിഷേധമുണ്ടായി. ഇതിലൂടെ എന്താണ് സി പി എം ഉദ്ദേശിക്കുന്നത്. സാങ്കേതിക സർവകാലാശാലയ്ക്ക് താൽക്കാലിക വിസി പോലും വേണ്ടെന്നാണോ? സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ?സുപ്രീംകോടതി വിധിക്ക് എതിരെയാണ് സർക്കാരും സി പി എമ്മും നിലപാടെടുത്തിരിക്കുന്നത്. സംഘപരിവാർ പശ്ചാത്തലമുള്ളയാളാണെങ്കിൽ എതിർക്കാം. ഇത് അങ്ങനെയല്ലല്ലോ.അക്കാദമിക് യോഗ്യതയുള്ളയാളാണ്'- പ്രതിപക്ഷ നേതാവ് പറഞ്ഞു.

'ഗവർണറും സർക്കാരും തമ്മിലുള്ളള പോര് ജനങ്ങളെ കബളിപ്പിക്കാനാണ്. സർക്കാരിനെ രക്ഷിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സ്വർണക്കടത്ത് വിഷയത്തിൽ ഇപ്പോഴാണോ ഗവർണർ പ്രതികരിക്കുന്നത്?മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കാളിത്തം ഉണ്ടെന്ന് എല്ലാവർക്കും അറിയാം.സർക്കാരും ഗവർണറും തമ്മിൽ പല ഏർപ്പാടുകളും നടത്തി.ഇവർ തമ്മിൽ എന്താണ് തർക്കം?ഗവർണർ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സർക്കാരിനെ സഹായിക്കാനാണ്.യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണ് ശ്രമം.ഗവർണർ സർക്കാർ പോരെന്ന് വരുത്തി തീർക്കുന്നു.ഇവർ തമ്മിൽ ഒരു തർക്കവും ഇല്ല'- സതീശൻ പറഞ്ഞു. തലശേരിയിലെ കുട്ടിയെ താെഴിച്ച സംഭവത്തെക്കുറിച്ച് പ്രതികരിക്കവെ പൊലീസ് സാധാരണക്കാരുടെ കൂടെയല്ലെന്നും പണമുള്ളവനും മാഫിയ സംഘത്തിനും ഒപ്പമാണെന്നും പാർട്ടിയാണ് പൊലീസിനെ നിയമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.