ar

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ആം ആദ് മി പാർട്ടി. പാർട്ടി ജനറൽ സെക്രട്ടറിയും ഗുജറാത്തിലെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ഇസുദാൻ ഗാദ്‌വിവിയാണ് എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി. ഇതോടെ ഗുജറാത്തിൽ ത്രികോണ മത്സരത്തിന് കളം ഒരുങ്ങി. അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദ് കേജ്രിവാളാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. അഭിപ്രായ വോട്ടെടുപ്പിലൂടെ ഗോപാൽ ഇതാലിയുടെയും മനോജ് സൊറാത്തിയുടെയും നാമങ്ങൾ തള്ളിയാണ് ഇസുദാൻ ഗാദ്‌വി മുന്നിൽ എത്തിയത്.

ഗുജറാത്തി ചാനലായ വിടിവിയിലെ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ് ഇസുദാൻ. തന്റെ മാദ്ധ്യമ പ്രവ‌ർത്തനത്തിലൂടെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിട്ടുണ്ട്. അഴിമതിക്കെതിരായ പോരാട്ടമാണ് രാഷ്ട്രീയ ജീവിതത്തിലും തുടരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ മോർബി തൂക്കുപാല ദുരന്തം പ്രധാന ചർച്ചാ വിഷയമാകും.

ഗുജറാത്തിൽ ആകെ 182 നിയമസഭാ സീറ്റുകളാണുള്ളത്. ഇതിൽ 92 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ഒന്നാം ഘട്ടം ഡിസംബർ ഒന്നിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ അഞ്ചിനും നടത്തും.

തിരഞ്ഞെടുപ്പ് പ്രചരണം ഊർജ്ജിതമാക്കുന്നതിനായി ശനിയാഴ്ച മുതൽ റോഡ് ഷോകൾ ആരംഭിക്കുവാനാണ് ആം ആദ്മി പാർട്ടി തീരുമാനിച്ചിരിക്കുന്നത്. ഇതിനായി അരവിന്ദ് കേജ്രിവാൾ നേരിട്ട് സംസ്ഥാനത്ത് ക്യാമ്പ് ചെയ്യും. ദിവസവും രണ്ടോ മൂന്നോ റോഡ് ഷോകൾ നടത്തും. രാഷ്ട്രീയ വിദഗ്ദ്ധർ നൽകുന്ന വിവരമനുസരിച്ച് സംസ്ഥാനത്ത് ഇക്കുറി ത്രികോണ പോരാട്ടം കടുപ്പമേറിയതാവും. എഎപിയും ബിജെപിയും കോൺഗ്രസും തമ്മിലായിരിക്കും മത്സരം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങൾക്ക് മുൻപേ സംസ്ഥാനത്ത് ആം ആദ്മി പ്രചരണ പരിപാടികൾ ഊർജ്ജിതമാക്കിയിരുന്നു. ജൂണിൽ വീടുവീടാന്തരമുള്ള പ്രചരണങ്ങൾ ആരംഭിച്ചു.