
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിലെ തൊഴിലാളികളുടെ കൂട്ടപ്പിരിച്ച് വിടൽ തുടരുന്നു. ആഗോളതലത്തിൽ നടക്കുന്ന പിരിച്ച് വിടൽ നടപടി ഇന്ത്യയിലെ ട്വിറ്റർ വിഭാഗത്തെയും ബാധിച്ച് തുടങ്ങിയതായാണ് വിവരം. ഇതിന്റെ ഭാഗമായി ട്വിറ്റർ ഇന്ത്യയിലെ മാർക്കറ്റിംഗ് വിഭാഗത്തെ മുഴുവനായി തന്നെ പിരിച്ച് വിട്ടതായാണ് റിപ്പോർട്ട്. ട്വിറ്റർ ഇന്ത്യ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ലെങ്കിലും കൂടുതൽ തൊഴിലാളികൾക്ക് വരും ദിവസങ്ങളിൽ പിരിച്ച് വിടൽ നടപടിയുടെ ഭാഗമായുള്ല കമ്പനി ഇമെയിൽ ലഭിക്കുമെന്നാണ് വിവരം.
പുതിയ ട്വിറ്റർ മേധാവിയായ ഇലോൺ മസ്ക് തന്റെ നയങ്ങൾക്ക് തുടക്കം കുറിച്ചത് തന്നെ ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗർവാളിനെയും മറ്റ് മുതിർന്ന കമ്പനി അധികൃതരെയും പിരിച്ച് വിട്ട് കൊണ്ടായിരുന്നു. തുടർന്ന് ആഗോള തലത്തിൽ 44 ബില്ല്യൺ യുഎസ് ഡോളർ സ്വരൂപിക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള തൊഴിലാളികളിൽ നിന്ന് ഒരു വലിയ സംഖ്യയെ പിരിച്ച് വിടുമെന്നും അറിയിപ്പുണ്ടായി.
ഈ മാറ്റം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ട്വിറ്റർ ഓഫീസുകൾ വെള്ളിയാഴ്ച മുതൽ അടഞ്ഞ് കിടക്കുകയാണ്. ഇതിന് മുന്നോടിയായി 'ഓഫീസിലേയ്ക്ക് യാത്ര തിരിക്കുകയാണെങ്കിൽ തിരികെ മടങ്ങുവാനായി' തൊഴിലാളികൾക്ക് നിർദേശം നൽകികൊണ്ട് കമ്പനി പേഴ്സണൽ ഇമെയിലുകൾ അയച്ചിരുന്നു. തൊഴിലാളികൾ കമ്പനിയിൽ തുടരണമോ വേണ്ടയോ എന്ന കാര്യവും ഇമെയിൽ വഴി തന്നെ അറിയിക്കുമെന്നും ഇമെയിലിൽ പരാമർശിച്ചിരുന്നു. പിരിച്ച് വിടൽ നടപടി മൂലം ലോകവ്യാപകമായി 3700 തൊഴിലാളികൾക്ക് ട്വിറ്ററിന്റെ പടിയിറങ്ങേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.