
മാഡ്രിഡ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേയ്ക്ക് ഇന്ന് പതിക്കും. 20 ടൺ ഭാരം വരുന്ന റോക്കറ്റാണ് ഭൗമാന്തരീക്ഷത്തിലേയ്ക്ക് പ്രവേശിക്കുന്നത്. റോക്കറ്റിന്റെ അവശിഷ്ടങ്ങൾ പതിക്കുന്നതിന്റ ഭാഗമായി സ്പെയിനിലെ വിവിധ വിമാനത്താവളങ്ങൾ അടച്ച് പൂട്ടി. തിങ്കളാഴ്ച മെംഗ്ഷ്യൻ മൊഡ്യൂളിൽ നിന്നാണ് ലോംഗ് മാർച്ച് 5ബി എന്ന റോക്കറ്റ് ലോഞ്ച് ചെയ്തത്. 30 മീറ്റർ വിസ്തൃതിയുള്ള റോക്കറ്റിന്റെ 17 മുതൽ 20 ടൺ വരെ ഭാരം വരുന്ന ഭാഗങ്ങൾ പതിക്കുന്നത് മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാനാണ് വിമാനത്താവളങ്ങൾ അടച്ചത്.
ഇതിന് മുൻപും ചൈനീസ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിൽ പതിക്കുന്ന സന്ദർഭമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈ 30-ന് മറ്റൊരു ലോംഗ് മാർച്ച് 5ബിയുടെ ഭാഗങ്ങളും സമാനമായി നിയന്ത്രണം നഷ്ടമായി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചിരുന്നു. ഇന്തോനേഷ്യയിലും മലേഷ്യയിലും വീണ്ടെടുത്ത ലോഹഭാഗങ്ങൾ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ആണെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.