
തിരുവനന്തപുരം: പൊതുമേഘലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്തിയ തീരുമാനം മരവിപ്പിച്ച് സർക്കാർ. ഒക്ടോബർ 30-ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നു. പെൻഷൻ പ്രായ വർധനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവയ്ക്കാനായി ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ഉദ്യോഗാർഥി വിരുദ്ധമാണെന്ന വിമർശനവുമായി ഇടത്പക്ഷ യുവജന സംഘടനകളടക്കം രംഗത്ത് വന്നതോടെ ഉത്തരവ് മരവിപ്പിക്കാനായി മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു.
എംപ്ലോയീസ് പ്രോവിഡന്റ് പെൻഷൻ സ്കീം മാത്രമുള്ള ഭൂരിഭാഗം പൊതുമേഖലാസ്ഥാപനങ്ങളിലും നിലവിൽ 58 ആണ് പെൻഷൻപ്രായം. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി എന്നിവയൊഴിച്ചുള്ള 122 പൊതുമേഖലാസ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻപ്രായം അറുപതാക്കി ഏകീകരിച്ച് ശനിയാഴ്ച ഉത്തരവിറക്കിയത്. ഇത് മരവിപ്പിച്ചതോടെ വിവിധ സ്ഥാപനങ്ങളിൽ 56, 58, 60 എന്നിങ്ങനെയുള്ള പെൻഷൻപ്രായം അതേ നിലയിൽ തുടരും. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായ വിവാദത്തിൽ സി പി എം നേതൃത്വവും കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത് പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.