arrest

ടെഹ്‌റാൻ: ഇറാനിൽ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത 14,​000ത്തിലേറെ പേർ അറസ്റ്റിലായെന്ന് ഐക്യരാഷ്ട്ര സംഘടന (യു.എൻ). 22കാരിയായ മഹ്സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ രാജ്യത്തെ സദാചാര പൊലീസിന്റെ പിടിയിലാവുകയും സെപ്തംബർ 16ന് കസ്റ്റഡിയിലിരിക്കെ തലയ്ക്ക് ക്ഷതമേറ്റ് മരിക്കുകയും ചെയ്തതോടെയാണ് ജനകീയ പ്രക്ഷോഭം തുടങ്ങിയത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരിൽ കുട്ടികളുമുണ്ട്. നൂറുകണക്കിന് ആക്ടിവിസ്റ്റുകൾ,​ വിദ്യാർത്ഥികൾ,​ മാദ്ധ്യമ പ്രവർത്തകർ,​ അഭിഭാഷകർ എന്നിവരെയും ഇറാൻ സേന തടങ്കലിലാക്കി. ഇതുവരെ 277 പേർ മരിച്ചെന്നാണ് യു.എന്നിന്റെ കണക്ക്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഉയരാമെന്നും അധികൃതർ പറയുന്നു.