p

കൊച്ചി: വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ച കേസിലെ പ്രതികൾക്ക്‌ തടവുശിക്ഷ. ഒന്നാംപ്രതി ബീഹാർ മംഗൂർ സ്വദേശി സുമിത്‌ കുമാർ സിംഗിന് 16 വർഷം തടവും 1.70 ലക്ഷം രൂപ പിഴയും രണ്ടാംപ്രതി രാജസ്ഥാൻ ഹനുമന്ത്‌നഗർ സ്വദേശി ദയാറാമിന്‌ 14 വർഷം തടവും 1.70 ലക്ഷം രൂപ പിഴയുമാണ്‌ കൊച്ചി എൻ.ഐ.എ കോടതി വിധിച്ചത്‌.

2020 മുതൽ പ്രതികൾ ജയിലിലായിരുന്നതിന്റെ ഇളവ് തടവു കാലാവധിയിൽ ലഭിക്കും.

പ്രതികൾ കുറ്റം സമ്മതിച്ചതിനാൽ വിചാരണകൂടാതെയാണ്‌ ശിക്ഷ വിധിച്ചത്‌.
2019 സെപ്തംബറിലാണ് വിക്രാന്തിൽ മോഷണം നടന്നത്. ആദ്യം പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. 2020 ജൂൺ 12നാണ് പ്രതികളെ റിമാൻഡ് ചെയ്തത്. കപ്പലിലെ കമ്പ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽനിന്നാണ് ഹാർഡ് ഡിസ്‌ക്, മൈക്രോ പ്രോസസർ, റാം, കേബിളുകൾ തുടങ്ങിയവ മോഷണം പോയത്. കപ്പൽശാലയിലെ കരാർ പെയിന്റിംഗ് തൊഴിലാളികളായിരുന്നു ഇവ‌ർ.