imran-khan

ലാഹോർ: പാകിസ്ഥാനിലെ വസീറാബാദ് പട്ടണത്തിൽ വെച്ച് തനിക്ക് നേരെയുണ്ടായ വധശ്രമത്തിൽ നാല് തവണ വെടിയേറ്റതായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്നെ പാകിസ്ഥാനിലെ ഗുജറാത്തിലോ വസീറാ ബാദിലോ വെച്ച് വധിക്കാനായി ശ്രമം നടക്കുന്നതായുള്ള വിവരം നേരത്തെ ലഭിച്ചിരുന്നതായി ഇമ്രാൻ ഖാൻ വീഡിയോ പ്രസംഗത്തിലൂടെ ആരോപിച്ചു. വധശ്രമത്തെ തരണം ചെയ്തതിന് ശേഷം ലാഹോറിലെ ആശുപത്രിയിൽ നിന്നും പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആക്രമണത്തിന് ശേഷമുള്ള തന്റെ ആദ്യ വീഡിയോ പ്രസംഗത്തിൽ വീൽച്ചെയറിൽ ആശുപത്രി ഗൗൺ ധരിച്ച്, വെടിയേറ്റ കാല് പ്രദർശിപ്പിക്കുന്ന തരത്തിലാണ് ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടത്.

ഷെഹബാസ് ഷെരീഫ് സർക്കാരിന്റെ നയങ്ങൾക്കെതിരെ ഇസ്ളാമാബാദിലേക്ക് നടത്തിയ റാലിക്കിടെയാണ് ഇമ്രാന് നേർക്ക് അക്രമി വെടിയുതിർത്തത്. സംഭവം നടക്കുമ്പോൾ ജനങ്ങളെ അഭിസംബോധന ചെയ‌്തുകൊണ്ട് ഒരു കണ്ടെയ്‌നർ ട്രക്കിന് മുകളിലായിരുന്നു ഇമ്രാൻ. വലത് കാലിന് പരിക്കേറ്റ ഇമ്രാനെ ഉടനെ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ ഒരു പാർട്ടി അനുയായി മരണപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് പിടിയിലായ അക്രമി തന്നിഷ്ട പ്രകാരമാണ് വെടിവെപ്പ് നടത്തിയത് എന്നായിരുന്നു കുറ്റസമ്മതം നടത്തിയത്. എന്നാൽ ഇമ്രാൻ ഖാൻ നിലവിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും ആഭ്യന്തര സുരക്ഷാ മന്ത്രിയ്ക്കും വധശ്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. 2007ൽ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ‌്‌ക്കും ഇതേ സ്ഥലത്താണ് വെടിയേറ്റത്. പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്‌ടൻ കൂടിയായ ഇമ്രാൻ നിലവിൽ രാഷ്‌ട്രീയ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക് ഇ- ഇൻസാഫിന്റെ നേതാവാണ്.