ins-vikrant

കൊച്ചി: വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ നിന്നും ഹാർഡ് ഡിസ്ക് അടക്കം മോഷണം പോയ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ഒന്നാം പ്രതി ബീഹാർ സ്വദേശി സുമിത് കുമാർ സിംഗിന് അഞ്ച് വർഷവും രണ്ടാം പ്രതി രാജസ്ഥാൻ സ്വദേശി ദയാ റാമിന് മൂന്ന് വർഷവും തടവ് ശിക്ഷയാണ് കൊച്ചിയിലെ എൻഐഎ കോടതി വിധിച്ചത്. കപ്പലിലെ കരാർ ജീവനക്കാരായിരുന്ന രണ്ട് പ്രതികളും വിചാരണ ആരംഭിക്കുന്നതിന് മുൻപ് തന്നെ മോഷണക്കുറ്റം കോടതിയിൽ ഏറ്റ് പറഞ്ഞിരുന്നു.

2019 സെപ്തംബറിലാണ് കൊച്ചിയിലെ കപ്പൽ നിർമാണശാലയുണ്ടായിരുന്ന ഐഎൻഎസ് വിക്രാന്തിൽ നിന്നും 10 റാം, അഞ്ച് മൈക്രോ പ്രോസസേഴ്‌സ്, 5 സോളിഡ് സ്‌റ്റേറ്റ് ഡ്രൈവസ് എന്നിവ പ്രതികൾ മോഷ്ടിച്ചത്. സംഭവത്തിൽ കേരള പൊലീസ് അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ എൻഐഎ അന്വേഷണ ചുമതല ഏറ്റെടുക്കുകയായിരുന്നു. പ്രതികളുടെ കൈപ്പത്തി അടയാളം മോഷണസ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ഇത് ഏക തെളിവായി ഉപയോഗിച്ച് കൊണ്ടായിരുന്നു എൻഐഎ സംഘം പ്രതികളെ പിടികൂടിയത്. ഇതിനായി ഐഎൻഎസ് വിക്രാന്തിലെ ആറായിരത്തോളം തൊഴിലാളികളുടെ വിരലടയാളം ശേഖരിച്ച് ഒത്ത് നോക്കുകയായിരുന്നു. തുടർന്ന് 2020 ജൂൺ പത്തിന് പ്രതികളെ പിടികൂടുകയും മോഷണം സൈബർ കുറ്റകൃത്യം അടക്കം ഇവർക്കെതിരെ ചുമത്തുകയും ചെയ്തു.