
തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർദ്ധിപ്പിച്ച ഉത്തരവ് മരവിപ്പിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ പ്രായം ഉയർത്തൽ പാർട്ടി നയമല്ലെന്നും അതുകൊണ്ടാണ് ആദ്യം പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സി,പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പൊതുചട്ടക്കൂട് തയ്യാറാക്കുന്നതിന്റെ ഭാഗമായി വന്ന തീരുമാനമാണെന്നും പിണറായി വിജയൻ അറിയിച്ചു. നാളത്തെ സംസ്ഥാന കമ്മിറ്റിക്ക് മുമ്പായി വിവാദം അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
നേരത്തെ പെൻഷൻ പ്രായം വർദ്ധിപ്പിച്ചതിലെ അതൃപ്തി സി,പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പരസ്യമായി പ്രകടമാക്കിയിരുന്നു. ഇടത് യുവജനസംഘടനകളും തീരുമാനത്തിനെതിരെ രംഗത്ത് വന്നിരുന്നു.
പൊതുമേഘലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസായി ഉയർത്തി ഒക്ടോബർ 30-ന് ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിച്ച് കൊണ്ടുള്ള പുതിയ ഉത്തരവ് ഇന്ന് പ്രാബല്യത്തിൽ വന്നിരുന്നു. പെൻഷൻ പ്രായ വർധനവുമായി ബന്ധപ്പെട്ട തുടർ നടപടികൾ നിർത്തിവയ്ക്കാനായി ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം ജീവനക്കാരെ ബാധിക്കുന്ന നടപടി ഉദ്യോഗാർഥി വിരുദ്ധമാണെന്ന വിമർശനത്തെ തുടർന്ന് ഉത്തരവ് മരവിപ്പിക്കാനായി മന്ത്രിസഭ നേരത്തെ തീരുമാനമെടുത്തിരുന്നു.